stray-dog

ആലപ്പുഴ: നഗരത്തിൽ തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന ഭീതിയിൽ നഗരവാസികൾ. തത്തംപള്ളി,​കിടങ്ങാംപറമ്പ്- കോർത്തശേരി പ്രദേശത്ത് പുറത്ത് നിന്ന് ആരോ നായ്ക്കളെ ഇവിടെ ഇറക്കി വിടുന്നുവെന്നാണ് നാട്ടുകാരുടെ സംശയം. കഴിഞ്ഞ ആഴ്ചയാണ് പത്തോളം നായകളെ മഠം റോഡ് ഭാഗത്ത് കണ്ടത്. അതിന് രണ്ടുദിവസം മുമ്പും നായകളെ കൂട്ടത്തോടെ കണ്ടെത്തിയിരുന്നു. നായകളെല്ലാം ക്ഷീണിതാവസ്ഥയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. രോഗങ്ങൾ ബാധിച്ച നായ്ക്കൾ കുട്ടികളെ അടക്കം ആക്രമിക്കുമോ എന്ന ഭയപ്പാടിലാണിവർ. സ്ഥിരമായി ഡസൻ കണക്കിന് നായകൾ ഒഴിയാതെ അലഞ്ഞു തിരിയുമ്പോഴാണ് ഇവയ്ക്ക് പുറമെ കൂടുതൽ നായകൾ പ്രദേശത്ത് തമ്പടിക്കുന്നത്.

കോർത്തശേരി കുരിശടി വഴി വിദേശ വിനോദ സഞ്ചാരികളടക്കം ധാരാളം പേരാണ് സഞ്ചരിക്കുന്നത്. രാത്രികാലങ്ങളിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതും ഭീഷണിയാണ്. കൂട്ടത്തോടെ സഞ്ചരിക്കുന്ന നായ്ക്കൾ കിടങ്ങാംപറമ്പ് ഭാഗത്ത് നിന്ന് പഴയ ഔട്ട്പോസ്റ്റിന് സമീപം താത്കാലികമായി ഒരുക്കിയിരിക്കുന്ന സമാന്തര പാത വഴി മുല്ലയ്ക്കൽ പ്രദേശത്തേയ്ക്കും എത്തുന്നുണ്ട്. രാത്രി കാലങ്ങളിൽ ജില്ലാക്കോടതിപാലത്തിന്റെ നിർമ്മാണം നടക്കുന്ന ഭാഗം കേന്ദ്രീകരിച്ചും നായ്ക്കൾ തമ്പടിക്കുന്നുണ്ട്. നായകളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നഗരസഭയെ പലതവണ സമീപിച്ചിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കൗൺസിൽ അവസാനിക്കാൻ അധിക ദിവസമില്ലാത്തതിനാൽ അടിയന്തരമായി ഇതിന് പരിഹാരണം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

.................

# തിരിഞ്ഞ് നോക്കാതെ അധികൃതർ

അഞ്ചും ആറും നായ്ക്കൾ ഒരുമിച്ചാണ് നമ്മുടെ നേർക്ക് അടുത്തുവരുന്നത്. കാണുമ്പോൾ പേടിയാകും. മുമ്പ് ഉണ്ടായിരുന്നതിലധികം നായ്ക്കളെ അടുത്തിടെയായി നഗരത്തിൽ കാണുന്നുണ്ട്

- ദിവ്യ, സെയിൽസ് ഗേൾ, മുല്ലയ്ക്കൽ