
തുറവൂർ: തൈക്കാട്ടുശ്ശേരി ഉളവെയ്പ്- തൈക്കൂടം കോടംതുരുത്ത് ഫെറിയിൽ ജങ്കാറിനായുള്ള നാട്ടുകാരുടെ കാഞ്ഞിരിപ്പിന് കാൽനൂറ്റാണ്ടിന്റെ പഴക്കമുണ്ട്.
ഫെറികളിൽ ജങ്കാർ സർവീസിനായി ജെട്ടി നിർമ്മിച്ചിട്ടും രണ്ടര പതിറ്റാണ്ട് കഴിഞ്ഞു.
എന്നാൽ, ഇത് വരെ ജങ്കാർ സർവീസിനായുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഒരു സ്വകാര്യ വ്യക്തി നൽകിയ കേസ് കാരണമാണ് ജങ്കാർ സർവീസ് ഇനിയും തുടങ്ങാത്തതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. തൈക്കാട്ടുശ്ശേരി, കോടംതുരുത്ത് പഞ്ചായത്തുകളാണ് ജങ്കാർ സർവീസിനുള്ള നടപടി സ്വീകരിക്കേണ്ടത്. ഉളവയ്‌പ്പിലുളളവർ 14 കിലോമീറ്റർ ചുറ്റിക്കറങ്ങി വേണം കോടംതുരുത്ത് പ്രദേശത്ത് എത്താൻ. തുറവൂർ, എഴുപുന്ന , കുത്തിയതോട് പ്രദേശങ്ങളിലെ സ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നവരും വിദ്യാർഥികൾക്കും ജങ്കാർ സർവീസ് ഏറെ ആശ്വാസമായിരിക്കും. തൈക്കാട്ടുശ്ശേരി ഒന്നാം വാർഡിലെ ഉളവയ്പ് കായലിലും പ്രദേശത്തും വിനോദസഞ്ചാരികൾ ധാരാളമായി ഇപ്പോൾ വന്നുപോകുന്നുണ്ട്. ലോക സഞ്ചാരഭൂപടത്തിൽ ഇടം നേടിയ കാക്കത്തുരുത്തും ഉളവയ്പ് കായലിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ, ജങ്കാർ സർവീസ് ആരംഭിക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഗുണം ചെയ്യുമെന്നകാര്യത്തിൽ സംശയമില്ല.
ഏക ആശ്രയം കടത്ത് വള്ളം
1.എഴുപുന്ന,കുത്തിയതോട്,കോടം തുരുത്ത് എന്നിവിടങ്ങളിലെ ചെമ്മീൻ സംസ്കരണശാലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ഉൾപ്പടെ നൂറ് കണക്കിന് ആളുകളുടെ എളുപ്പ മാർഗമാണ് ഉളവെയ്പ്- കോടം തുരുത്ത് ഫെറിയിൽ ജങ്കാർ സർവീസ്
2.പേരിന് മാത്രമുള്ള പഞ്ചായത്തിന്റെ കടത്ത് വള്ളമാണ് ഏക ആശ്രയം. നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സൗജന്യ കടത്ത് സർവീസ് തുടങ്ങിയത്. ഇതിനായി കരാറുകാരന് മാസത്തിൽ 40,000 രൂപ കൊടുക്കുന്നുണ്ട്
3.രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ സൗജന്യമായി കടത്ത് സർവീസ് എന്നാണ് പഞ്ചായത്തിന്റെ ഫെറിയിലെ ബോർഡിൽ പറയുന്നത്. എന്നാൽ, ഇപ്പോൾ സർവീസ് കൃത്യമായി നടക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്
തൈക്കാട്ടുശ്ശേരി ഉളവെയ്പ്- തൈക്കൂടം കോടംതുരുത്ത് ഫെറിയിൽ അടിയന്തരമായി ജങ്കാർ സർവീസ് തുടങ്ങുന്നതിന് പഞ്ചായത്തുകൾ നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും
-ബിജു പി മൂലയിൽ, പ്രസിഡന്റ്, ബി.ഡി.ജെ.എസ് അരൂർ മണ്ഡലം കമ്മിറ്റി
സ്വകാര്യ വ്യക്തിയുമായുള്ള തർക്കംനിലനിൽക്കുന്നത് കൊണ്ടാണ് ജങ്കാർ സർവീസ് ആരംഭിക്കാൻ കാലതാമസം നേരിട്ടത്. തർക്കം പരിഹരിച്ച് ഉടൻ സർവീസ് ആരംഭിക്കും
- വി.ജി.ജയകുമാർ, പ്രസിഡന്റ്, കോടംതുരുത്ത് ഗ്രാമപഞ്ചായത്ത്