ആലപ്പുഴ: കുട്ടനാട്ടിൽ നെല്ല് സംഭരണം തുടരുന്നു. കൊയ്ത്ത് പൂർത്തിയായ നെടുമുടി വള്ളുവൻകാട്, പുന്നപ്ര പൂന്തുറ, കരുവാറ്റ ഈഴഞ്ചേരി വെസ്റ്റ്, പരിയക്കാടൻ സമിതി എന്നിവിടങ്ങളിലെ നെല്ലാണ് കരാർ ഏറ്റെടുത്ത അമിലോസ് മില്ല് സംഭരിക്കുന്നത്. നെല്ലിന് കിഴിവ് വേണമെന്ന് ആവശ്യപ്പെട്ടതായി ചില കർഷകർ പറഞ്ഞു. കൊയ്ത്ത് പൂർത്തിയായി പത്ത് ദിവസത്തോളം മഴയേറ്റ് കിടന്നാണ് നെല്ലിന് ഈർപ്പം വർദ്ധിച്ചത്. മഴ നനയേണ്ട സാഹചര്യം ഒഴിവാക്കിയിരുന്നെങ്കിൽ ഈർപ്പത്തിന്റെ വിഷയം ഉണ്ടാവില്ലായിരുന്നു. ഇത് വലിയ നഷ്ടമാണുണ്ടാക്കുകയെന്ന് കർഷകർ പറയുന്നു. ഇതര പാടശേഖരങ്ങളിലും കൊയ്ത്ത് പുരോഗമിക്കുകയാണ്. നിലവിൽ കെട്ടിക്കിടന്നതിന് പുറമേ ഇനി കൊയ്യുന്ന നെല്ല് കൂടി ഒരൊറ്റ മില്ലിനെ കൊണ്ട് മാത്രം പൂർത്തിയാക്കാനാവില്ല. അതിനാൽ കൂടുതൽ മില്ലുകാരുമായി സർക്കാർ ധാരണയിലെത്തണമെന്നാണ് കർ‌ഷകരുടെ ആവശ്യം.