photo

ചേർത്തല : ചേർത്തലക്കാരുടെ സ്വപ്നപദ്ധതിയായ നെടുമ്പ്രക്കാട് – വിളക്കുമരം പാലം തറക്കല്ലിട്ട് രണ്ട് പതിറ്റാണ്ടിനു യാഥാർത്ഥ്യമായി. 6ന് വൈകിട്ട് 4ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും.

2005 ജനുവരി 15ന് മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി എം.കെ.മുനീറാണ് പാലത്തിന് തറക്കല്ലിട്ടത്. 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും സാദ്ധ്യമായില്ല.

പാതിവഴിയിൽ നിർത്തിയ നിർമ്മാണം 2016–17 ൽ സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പുനരാരംഭിച്ചത്. ചേർത്തല–അരൂർ നിയോജക മണ്ഡലങ്ങളിലെ ചേർത്തല നഗരസഭയേയും ചേന്നംപള്ളിപ്പുറം പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് 245.8 മീറ്റർ നീളമുള്ള പാലം കാലപ്പഴക്കം ചെന്ന ചെങ്ങണ്ട പാലത്തിന് സമാന്തരമായി വയലാർ കായലിന് കുറുകെയാണ് നിർമ്മിച്ചത്. പാലം തുറന്നു കൊടുക്കുന്നതോടെ ചേർത്തല–അരൂക്കുറ്റി റോഡിൽ ചെങ്ങണ്ട പാലത്തിലൂടെയുള്ള തിരക്ക് കുറയുന്നതോടൊപ്പം ചേർത്തല -അരൂക്കുറ്റി റോഡിന് സമാന്തര യാത്രാമാർഗവും തുറക്കും.

നെടുമ്പ്രക്കാട് – വിളക്കുമരം പാലം ഉദ്ഘാടനം 6ന്

 പള്ളിപ്പുറം ഇൻഫോപാർക്ക്,ഫുഡ്പാർക്ക് എന്നിവിടങ്ങളിലേക്ക് ചേർത്തലയിൽ നിന്ന് എളുപ്പ വഴി

 ചേർത്തല നഗരസഭയുടെ വടക്കുകിഴക്കൻ മേഖലയുടെ സമഗ്രവികസനം സാദ്ധ്യമാകും.

പള്ളിപ്പുറം പഞ്ചായത്തിന്റെ തെക്കൻ മേഖലയിൽ വേഗം എത്തിച്ചേരാം

 പാലത്തിന്റെ വീതി 11 മീറ്റർ. ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാത

നിർമ്മാണ ചെലവ്

₹ 20.37 കോടി

ഇരുവശങ്ങളിലും റോഡിന് വീതികൂട്ടണം

പാലം പണി പൂർത്തിയായതോടെ പ്രധാന റോഡിൽ പള്ളിക്കവലയിൽ നിന്ന് നെടുമ്പ്രക്കാട് പാലം ആരംഭിക്കുന്നതുവരെയുള്ള 1750 മീറ്റർ നീളത്തിലും വടക്ക് വിളക്കുമരം ഭാഗത്ത് പാലം ആരംഭിക്കുന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്ററോളം ദൂരത്തിലും റോഡിന് വീതിയില്ലാത്തത് പ്രധാന വെല്ലുവിളിയാണ്. നിലവിൽ വളരെ വീതി കുറഞ്ഞ റോഡുകളാണ് ഉള്ളത്.ഒരേ സമയം രണ്ട് വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. വീതി കൂട്ടി റോഡ് പുനർ നിർമ്മിക്കണം.എന്നാൽ മാത്രമേ പാലത്തിന്റെ ഗുണം യാത്രക്കാർക്ക് ലഭിക്കുകയുള്ളു.