പീരുമേട്: വിനോദയാത്രാ സംഘത്തിലെ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷാണ് (45) മരിച്ചത്. ഇന്നലെ ഉച്ചയോടെ കുട്ടിക്കാനം തട്ടത്തികാനത്തിന് സമീപത്തെ കയത്തിലായിരുന്നു അപകടം. മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് മഹേഷ് ഇവിടെയെത്തിയത്. കയത്തിന് മുകളിൽ കയറി നിൽക്കുകയായിരുന്ന മഹേഷ് അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു. തുടർന്ന് മറ്റുള്ളവർ വിവരമറിയിച്ചതിനെ തുട‌ർന്ന് പീരുമേട് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി മഹേഷിനെ വെള്ളത്തിൽ നിന്നെടുത്ത് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പീരുമേട് ഫയർഫോഴ്സ് യൂണിറ്റ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു കുമാറിന്റെ നേതൃത്വത്തിൽ സനൽ, സന്തോഷ്, ആനന്ദ്, അരുൺകുമാർ, അൻഷാദ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.