
ആലപ്പുഴ: യാത്രക്കാർക്ക് ഏറെ പ്രയോജനമാകുന്ന രീതിയിൽ എല്ലാ ദിവസവും 16 റേക്കോടെ മെമു സർവീസ് നടത്തുമെന്ന വാഗ്ദാനം വാക്കുകളിൽ മാത്രം ഒതുങ്ങുന്നു. ആഴ്ചയിൽ മൂന്നോ നാലോ ദിവസങ്ങളിൽ മാത്രമാണ് മെമു 16റേക്കിൽ സർവീസ് നടത്തുന്നത്. ബാക്കി ദിവസങ്ങളിൽ 12 റേക്കിൽ ഒതുങ്ങും. ഇതോടെ തിരക്കിൽ യാത്രക്കാർ ഞെങ്ങിഞെരുങ്ങും.
ആലപ്പുഴയിൽ നിന്ന് രാവിലെ 7.25ന് പുറപ്പെടുന്ന മെമു 9.25ന് എറണാകുളത്തെത്തും. ഇവിടെ നിന്ന് ഇത് നിലമ്പൂരിലേക്കും തുടർന്ന് കണ്ണൂരിലേക്കും സർവീസ് നടത്തും. ശേഷം മൂന്നാംദിവസമേ ഈ ട്രെയിൻ ആലപ്പുഴയിൽ വീണ്ടുമെത്തുകയുള്ളുവെന്ന് യാത്രക്കാർ പറയുന്നു. ഇതാണ് പലദിവസവും 12 റേക്കിൽ മെമു സർവീസ് നടത്താൻ ഇടയാക്കുന്നത്. ഈ ദിവസങ്ങളിൽ കാലുകുത്താൻ പോലും സാധിക്കാത്ത തിരക്കാണിപ്പോൾ. ആലപ്പുഴയിൽ നിന്നുതന്നെ നിറയുന്ന ട്രെയിൻ ചേർത്തലയാകുമ്പോൾ നിറഞ്ഞു കവിയും. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ എറണാകുളത്തേക്കുള്ള മെമുവിൽ മുമ്പുള്ളതിലും തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
ടോയ്‌ലറ്റിന്റെ മുന്നിൽ മൂക്കുപൊത്തിപ്പിടിച്ചാണ് പലരും യാത്ര ചെയ്യുന്നത്.
16 റേക്കുള്ളത് വല്ലപ്പോഴും
1. യാത്രക്കാർക്ക് ഏറെ ആശ്വാസമാകുമെന്ന വാഗ്ദാനത്തിലാണ് മെമുവിന് 4റേക്ക് കൂടി അനുവദിച്ചത്
2. എന്നാൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസങ്ങളിൽ മാത്രമാണ് 16 റേക്കുകളുമായി ട്രെയിൻ ഓടുന്നത്
4.തിക്കിലും തിരക്കിലും യാത്രക്കാർക്ക് ശാരീരികാസ്വാസ്ഥ്യം വരെ ഉണ്ടാകാറുണ്ട്
5.രാവിലെ ജോലിക്ക് പോകുന്നവരും ആശുപത്രി ആവശ്യങ്ങൾക്ക് പോകുന്നവരുമാണ് യാത്രക്കാരിലധികവും
6.ക്യാൻസർ രോഗികൾ അടക്കമുള്ളവരാണ് തിരക്കിൽ ഞെങ്ങിയമർന്ന് യാത്ര ചെയ്യുന്നത്
ലീവെടുക്കേണ്ട അവസ്ഥ
ചേർത്തല കഴിഞ്ഞുള്ളള സ്റ്റേഷനുകളിൽ കാത്തുനിൽക്കുന്ന സ്ത്രീകൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് ട്രെയിനിൽ കയറാനാവാത്ത അവസ്ഥയാണ്. ഇവർ ബസ് കയറി ജോലി സ്ഥലത്ത് എത്തുമ്പോൾ ഹാഫ് ഡേ ലീവ് മാർക്ക് ചെയ്യപ്പെടും. ചിലർ അവധി എടുത്ത് വീട്ടിലേക്ക് മടങ്ങും.
ദീർഘനാളായ ആവശ്യത്തെത്തുടർന്നാണ് മെമുവിന്റെ റേക്കുകൾ 16 ആക്കി വർദ്ധിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഈ സൗകര്യം യാത്രക്കാർക്ക് ലഭിക്കാത്ത അവസ്ഥയാണ്. അടിയന്തരമായി എല്ലാദിവസവും 16 റേക്ക് മെമു സർവീസ് നടത്തുന്നതിന് നടപടി എടുക്കണം- പി.എം. നൗഷിൽ, ജില്ലാസെക്രട്ടറി, ഫ്രണ്ട്‌സ് ഓൺ റെയിൽ