അമ്പലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) നടത്തുന്ന സമരത്തിന്റെ ഭാഗമായി നാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി വിഭാഗം സേവനങ്ങൾ ബഹിഷ്കരിക്കും.

ഒക്ടോബർ 28ന് നടത്തിയ ഒ.പി ബഹിഷ്കരണത്തിനു ശേഷവും പ്രശ്നപരിഹാരത്തിനോ ചർച്ചകൾക്കോ സർക്കാർ തയ്യാറാകാത്തതിനാലാണ് നാളെയും ഒ.പി ബഹിഷ്കരിക്കുന്നതെന്ന് കെ.ജി.എം.സി.ടി.എ ആലപ്പുഴ ഘടകം പ്രസിഡന്റ് ഡോ. സജയ് പി. എസ്സും, സെക്രട്ടറി ഡോ. ജംഷാദ്. പി യും അറിയിച്ചു. വിദ്യാർഥികളുടെ തിയറി ക്ലാസുകളും ബഹിഷ്കരിക്കും. കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു തുടങ്ങിയ അടിയന്തിര ചികിത്സകളേയും വാർഡു പരിശോധനയേയും സമരത്തിൽ നിന്ന് ഒഴിവാക്കി. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് ഡോ സജയും , ഡോ ജംഷീദും അറിയിച്ചു.