ജനസ്വാധീനമുള്ളവരെ തപ്പിയെടുക്കും
ആലപ്പുഴ: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങി മുന്നണികൾ. സ്ഥാനാർത്ഥി ചർച്ചകൾ അവസാനഘട്ടത്തോടടുക്കുന്നു. ഒപ്പം രാഷ്ട്രീയ പോർവിളികളും മുഴങ്ങിത്തുടങ്ങി. ഭരിച്ചവർ നേട്ടങ്ങളും പ്രിപക്ഷം ദോഷങ്ങളും എണ്ണിപ്പറയുന്ന തിരക്കിലാണ്.
ജനപ്രതിനിധികളിൽ 50ശതമാനം വനിതകളായിരിക്കുമെന്നതിനാൽ ആശാ വർക്കർമാർ, കുടുംബശ്രീ എന്നിവിടങ്ങളിലേക്കാണ് പാർട്ടികളുടെ കണ്ണ്. അതിൽ തന്നെ ആശാ വർക്കർമാർക്കാണ് ഡിമാൻഡ്. 'പതിവ്' സ്ഥാനാർത്ഥികളും കളത്തിലറങ്ങിയിട്ടുണ്ട്. മുന്നണികളിൽ സീറ്റ് വിഭജനം പൂർത്തിയാകാനുണ്ടെങ്കിലും മതിലുകളിൽ വെള്ളയടിച്ച് ബുക്കിംഗ് ആരംഭിച്ചു.
ജനസമ്മതിയാണ് അടിസ്ഥാന യോഗ്യതയെങ്കിലും സമുദായവും കുടുംബബന്ധവും അനുകൂല ഘടകങ്ങളാകും. വാർഡ് കമ്മിറ്റികൾ ഒറ്റപ്പേര് നിർദേശിച്ചാൽ, അതിന് പഞ്ചായത്ത് കോർകമ്മിറ്റി അനുമതി നൽകിയാൽ ആ പേരിന് അംഗീകാരം എന്നതാണ് കോൺഗ്രസിന്റെ നയം. ഒരുക്കങ്ങൾ വിലയിരുത്താൻ നാളെ കോൺഗ്രസ് യോഗം ചേരുന്നുണ്ട്. മുന്നണികൾക്കൊപ്പം സ്വതന്ത്രരും ചെറുകിട പാർട്ടികളും എത്തുന്നതോടെ ജില്ലയിൽ ത്രികോണ പോരാട്ടവും ചില സ്ഥലങ്ങളിൽ ചതുർമുഖ പോരാട്ടവും വരും.
സംവരണ നിയമം പാലിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികൾ. മത്സരിക്കാൻ സന്നദ്ധരായ സ്ത്രീകളെയും, പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാരെയും കണ്ടെത്തുകയാണ് വെല്ലുവിളി. സംസ്ഥാനത്ത് അദ്ധ്യക്ഷസ്ഥാനം സംവരണം ചെയ്യേണ്ട തദ്ദേശ സ്ഥാപനങ്ങൾ ഏതെല്ലാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ നിശ്ചയിക്കും. നറുക്ക് വീഴുന്നിടങ്ങളിലേക്ക് എസ്.സി/ എസ്.ടി വിഭാഗക്കാരെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നേരത്തേ കണ്ടുവയ്ക്കേണ്ടതുണ്ട്.
ജില്ലയിൽ ആകെ തദ്ദേശസ്ഥാപനങ്ങൾ :91
ആകെ സീറ്റുകൾ : 1,666
സംവരണ സീറ്റുകൾ : 945
ഗ്രാമ പഞ്ചായത്ത്
72 പഞ്ചായത്തുകളിലെ 1,253 വാർഡുകളിൽ 716 വാർഡുകൾ സംവരണമാണ്
55 പട്ടികജാതി വനിത സംവരണ വാർഡുകൾ ഉൾപ്പെടെ 639 സ്ത്രീസംവരണ വാർഡുകൾ
77 പട്ടികജാതി സംവരണ വാർഡുകൾ
ബ്ളോക്ക് പഞ്ചായത്ത്
12 ബ്ലോക്ക് പഞ്ചായത്തുകളിലായി 170 ഡിവിഷനുകൾ
നാല് പട്ടികജാതി വനിത സംവരണ വാർഡുകൾ ഉൾപ്പെടെ 86 വനിത സംവരണ വാർഡുകൾ
12 പട്ടികജാതി സംവരണ വാർഡുകളും ഉൾപ്പെടെ 98 വാർഡുകളിൽ സംവരണം
ജില്ലാ പഞ്ചായത്ത്
പുതുതായി രൂപീകരിച്ച തണ്ണീർമുക്കം ഡിവിഷൻ ഉൾപ്പെടെ ജില്ലാ പഞ്ചായത്തിൽ 24 ഡിവിഷനുകൾ .ഇതിൽ 13 ഡിവിഷനുകളിൽ സംവരണം
വെൺമണി (പട്ടികജാതി സംവരണം), ചമ്പക്കുളം, പത്തിയൂർ (പട്ടികജാതി സ്ത്രീ), അരൂർ, പള്ളിപ്പുറം, തണ്ണീർമുക്കം, ആര്യാട്, ചെന്നിത്തല, ഭരണിക്കാവ്, കൃഷ്ണപുരം, മുതുകുളം, കരുവാറ്റ, വയലാർ (സ്ത്രീസംവരണം).
നഗരസഭ
ആറ് നഗരസഭകളിലെ 219 വാർഡുകളിൽ ഏഴ് പട്ടികജാതി സംവരണവും, 111 വനിതസംവരണ വാർഡുകളുമുണ്ട്