harithakarmmasena

മാന്നാർ: പരുമല പള്ളിയിലേക്ക് ഒഴുകിയെത്തിയ തീർത്ഥാടകർ കടന്നുപോയ മാന്നാറിന്റെ വീഥികളിൽ ഹരിത കർമ്മ സേന ഇറങ്ങി മാലിന്യങ്ങൾ നീക്കം ചെയ്ത് ക്ളീനാക്കി പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന്റെ പ്രധാന ദിനങ്ങളായ ഞായറും തിങ്കളും ഹരിത കർമ്മ സേനയുടെ പെൺപട വഴിയോരങ്ങളിലെ മാലിന്യങ്ങൾ പെറുക്കി മാറ്റുന്ന തിരക്കിലായിരുന്നു.

പത്തനംതിട്ട ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പരുമല പള്ളിയിലേക്ക് എത്തുന്ന തീർത്ഥാടകരിൽ ഭൂരിഭാഗവും കടന്നുപോകുന്നത് ആലപ്പുഴ ജില്ലയുടെ അതിർത്തിയിലുള്ള മാന്നാർ പട്ടണത്തിലൂടെയാണ്. പദയാത്രികരായി എത്തുന്ന തീർത്ഥാടകർക്കായി വഴി നീളെ വിതരണം നടത്തുന്ന ശീതള പാനീയങ്ങളുടെയും ലഘു ഭക്ഷണങ്ങളുടെയും അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തീർത്ഥാടക വീഥികളിൽ നിന്നും നീക്കം ചെയ്യുന്നതിനായി മാന്നാർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾ വിശ്രമമില്ലാതെ ശുചീകരണ പ്രവർത്തനങ്ങളിൽ മുഴുകി.

ഹരിത കർമ്മസേനയുടെ പ്രസിഡന്റ് അന്നമ്മ ബേബി, സെക്രട്ടറി ബിന്ദു, സുമ, സുധ, ഉഷ, സുജ എന്നിവരുൾപ്പെട്ട 34 പേരടങ്ങിയ സംഘമായിരുന്നു ശീതള പാനീയങ്ങളുടെയും വെള്ളത്തിന്റെയും പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞ തീർത്ഥാടക വീഥികൾ വളരെ വേഗത്തിൽ വൃത്തിയാക്കിയത്. ഹെൽത്ത് ഇൻസ്പെക്ടർ സൂര്യ, വി.ഇ.ഒ മനോജ്, പഞ്ചായത്ത് സെക്രട്ടറി മധു എന്നിവരും ഇവർക്ക് പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു. വീഥികൾ ശുചീകരിച്ച ഹരിത കർമ്മ സേനാംഗങ്ങളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ അനിൽ എസ്.അമ്പിളി, റഷീദ് പടിപ്പുരയ്ക്കൽ എന്നിവർ അഭിനന്ദിച്ചു.