പണം ഉടമകൾക്ക് തിരികെ നൽകുവാൻ ക്യാമ്പയിൻ

ആലപ്പുഴ: ജില്ലയിലെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ 128 കോടി രൂപയുടെ നിക്ഷേപം. പണം ഉടമകൾക്ക് തിരികെ നൽകുവാനായി ധനകാര്യ മന്ത്രാലയം 'നിങ്ങളുടെ പണം നിങ്ങളുടെ അവകാശം' എന്ന ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ സഹായ ക്യാമ്പ് സംഘടിപ്പിച്ചു. എ.ഡി.എം ആശ.സി.എബ്രഹാം ഉദ്ഘാടനം ചെയ്തു.

വൈ.എം.സി.എയിൽ നടന്ന ക്യാമ്പിൽ 203 പേർ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ ഒന്നു മുതൽ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ലഭിച്ച 2369 അപേക്ഷകളിലായി 2,61,86,000രൂപ ഇതുവരെ കൈമാറിയെന്ന് ലീഡ് ബാങ്ക് മാനേജർ എം.അരുൺ പറഞ്ഞു.

അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ അന്വേഷണം നടത്തുകയും അറിയിപ്പു നൽകുകയും ചെയ്യാറുണ്ട്. ഈ നടപടിയും സാധ്യമാകാത്ത അക്കൗണ്ടുകളിലെ പണം നൽകുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിക്ഷേപത്തിന്റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകളുമായി എത്തിയ അവകാശികൾക്ക് തുക തിരികെ ലഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ക്യാമ്പിൽ നിന്ന് നൽകി. തുടർ നടപടികൾക്കായി എല്ലാ ബാങ്കുകളിലും സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ചടങ്ങിൽ ആലപ്പുഴ എസ്.ബി.ഐ റീജയണൽ മാനേജർ ടി.വി.മനോജ്‌, നബാർഡ് ഡി.ഡി.എം മിനു അൻവർ. വിവിധ ബാങ്ക് ഉദ്യോഗസ്ഥർ, പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

10 വർഷമായി ഇടപാടില്ലാത്ത അക്കൗണ്ടുകൾ

 നിക്ഷേപകർ മരിച്ചു പോകുക, വിദേശത്ത് പോകുക തുടങ്ങിയ കാരണങ്ങളാൽ അക്കൗണ്ടുകളിൽ ഇടപാടുകൾ മുടങ്ങാറുണ്ട്

 ചിലരുടെ അനന്തരാവകാശികൾക്ക് അക്കൗണ്ടിനെക്കുറിച്ച് അറിവുണ്ടാവില്ല

 പത്തു വർഷത്തിലേറെയായി ഒരു ഇടപാടും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്തതായി പരിഗണിക്കുക

 ഇത്തരം അക്കൗണ്ടുകൾ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്.