ആലപ്പുഴ: 2020ൽ ഉദ്ഘാടനം ചെയ്ത ആലപ്പുഴ നഗരസഭ ‘ശതാബ്ദി മന്ദിരം’ ഇന്നലെ വീണ്ടും ഉദ്ഘാടനം ചെയ്തു. വർഷങ്ങൾനീണ്ട കാത്തിരിപ്പിനൊടുവിൽ പൂർണമായി സജ്ജീകരിച്ച ഹാളിൽ പ്രഥമകൗൺസിൽ യോഗം ചേർന്നാണ് അംഗങ്ങൾ മടങ്ങിയത്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരേ മന്ദിരത്തിന്റ:െ പേരിൽ ഒന്നിലധികം ഉദ്ഘാടനം നടത്തിയതിൽ പ്രതിഷേമിച്ച് കോൺഗ്രസും ബി.ജെ.പിയും കൗൺസിൽ യോഗം ബഹിഷ്കരിച്ചു. മന്ദിരത്തിന് പുറത്തെ പന്തലിലായിരുന്നു ഉദ്ഘാടനം. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടകനായി എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. മന്ത്രിയുടെ സന്ദേശം പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.പ്രേം വായിച്ചു. കൗൺസിൽ ഹാളിന്റെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എയും കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എയും കോമ്പൗണ്ട് സൗന്ദര്യവത്കരണത്തിന്റെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മയും നിർവഹിച്ചു.
വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, എം.ജി.സതീദേവി, നസീർ പുന്നക്കൽ, ആർ. വിനിത, കൗൺസിലർമാരായ സൗമ്യരാജ്, ഡി.പി.മധു, പി.രതീഷ്, സലിം മുല്ലാത്ത്, ബിന്ദുതോമസ്, സെക്രട്ടറി ഷിബു എൽ.നാൽപ്പാട്ട്, ഡെപ്യൂട്ടി സെക്രട്ടറി ജെ.ബി. ജയശ്രീ എന്നിവർ സംസാരിച്ചു.
ആദ്യ ഉദ്ഘാടനം 2020 ൽ
2017ൽ യു.ഡി.എഫ് ഭരിക്കുമ്പോഴാണ് കെട്ടിടം നിർമ്മാണം ആരംഭിച്ചത്. 2020 ഒക്ടോബർ 23ന് അന്നത്തെ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. യു.ഡി.എഫ് ഭരണത്തിന്റെ അവസാനകാലത്ത് കൊട്ടിഘോഷിച്ചായിരുന്നു ഉദ്ഘാടനം. ലിഫ്റ്റ്, വൈദ്യുതി, കുടിവെള്ളം, ഫർണിച്ചർ തുടങ്ങിയവ ഇല്ലാതെയാണ് തുറന്നത് വിവാദമായിരുന്നു. പിന്നീട്, കൊവിഡ് കാലത്ത് പ്രതിരോധകുത്തിവെപ്പ് കേന്ദ്രമായും പ്രവർത്തിച്ചു.
മുടക്കിയത് 9 കോടി
ഒമ്പത് കോടിയോളം രൂപ മുടക്കി നിർമാണപ്രവൃത്തികൾ നടത്തി കഴിഞ്ഞ മാർച്ച് 10 മുതൽ നഗരസഭയുടെ ഓഫീസ് പ്രവർത്തനങ്ങൾ പൂർണമായും പുതിയകെട്ടിടത്തിലേക്ക് മാറ്റി. ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാൽ, മുകളിലത്തെ നിലയിൽ കൗൺസിൽ ഹാൾ അടക്കമുള്ള പ്രവൃത്തികൾ പൂർത്തിയായിരുന്നില്ല. പഴയനഗരസഭ കെട്ടിടത്തിലാണ് കൗൺസിൽ യോഗം ചേർന്നിരുന്നത്. ഒരു ബഡ്ജറ്റ് അവതരണംപോലും ശതാബ്ദി മന്ദിരത്തിൽ നടന്നിട്ടില്ല. കൗൺസിൽ ഹാളിൽ ഇരിപ്പിടങ്ങളും എ.സി അടക്കമുള്ള സംവിധാനങ്ങളും ഒരുക്കാൻ കാലതാമസം നേരിട്ടതാണ് പ്രശ്നം. അഞ്ച് നിലകളിലായി 4200 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ശതാബ്ദിമന്ദിരത്തിൽ 140 വർക്ക് സ്‌പേസുകളും, 18 ഓഫീസ് മുറികൾ, കൗൺസിൽ ഹാൾ, 50 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, 15 പേർക്ക് ഇരിക്കാവുന്ന മീറ്റിംഗ് റൂം, കൗൺസിലർമാർക്കുള്ള മുറി, എല്ലാനിലകളിലും ടോയ്ലറ്റ് സൗകര്യം, ലിഫ്റ്റ് എന്നിവയുമുണ്ട്.