
ഹരിപ്പാട് : വശങ്ങൾ വിണ്ടുകീറിയും അടിഭാഗത്തെ കോൺക്രീറ്റ് അടർന്നും ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലുള്ള കുമാരപുരം പഴയചിറ - പുത്തൻചിറ പാലത്തിലൂടെ യാത്രക്കാർ കടന്നുപോകുന്നത് ഭീതിയോടെ. പാലം അപകടനിലയിലായതിനാൽ വലിയവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
കുമാരപുരം പഞ്ചായത്തിലെ 13,14 വാർഡുകളെ ബന്ധിപ്പിക്കുന്നതാണ് മുണ്ടപ്പള്ളി പഴയചിറ റോഡിൽ ചെമ്പുതോട്ടിൽ നിർമ്മിച്ച പാലം. 1985-ൽ നാട്ടുകാർ പിരിവെടുത്താണ് പാലം നിർമ്മിച്ചത്. പിന്നീട്, അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കാത്തതിനാൽ പാലം തകർന്നു തുടങ്ങി. ഇരുവശങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടു. അടിഭാഗത്തെ കോൺക്രീറ്റ് പൂർണമായും അടർന്ന് കമ്പികൾ തെളിഞ്ഞു. ഒരു കരയിലെ കൽക്കെട്ടുകൾ മുഴുവൻ തോട്ടിലായി. വാഹനങ്ങൾ കയറുമ്പോൾ പാലത്തിന് കുലുക്കമുണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ ഇതുവഴി പോകുകയുള്ളു. ആംബുലൻസുകൾക്ക് പോലും എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണുളളത്. മുമ്പ് ഹരിപ്പാട്ടെയും സമീപപ്രദേശങ്ങളിലെയും നിരവധി സ്‌കൂൾ ബസുകൾ ഇതുവഴി വന്നിരുന്നതാണ്. ദേശീയപാതയിൽ നാരകത്തറയിൽ നിന്നും മുണ്ടപ്പള്ളി, പഴയചിറ, പണ്ടാരച്ചിറ വഴി പുളിക്കീഴിൽ എത്തുന്ന റോഡിലാണ് പുത്തൻചിറ പാലം.
പാലം പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി പരാതികൾ നൽകിയിരുന്നു. രമേശ് ചെന്നിത്തല എം.എൽ.എയുടെ വികസനഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ പുനർനിർമ്മാണത്തിനായി അനുവദിച്ചെങ്കിലും ഈ തുക കൊണ്ട് നിർമാണം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നതായി അധികൃതർ അറിയിച്ചു.
അനുവദിച്ച ഫണ്ട് അപര്യാപ്തം
കുമാരപുരത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ളവർക്ക് കിഴക്കൻമേഖലയിൽ എത്താനുള്ള പ്രധാനമാർഗമാണിത്
പുളിക്കീഴ് നിന്നും എരിക്കാവ് കുമാരപുരം ഭാഗത്തേക്കുള്ളവർ ആശ്രയിക്കുന്ന വഴി കൂടിയാണിത്
അനുബന്ധ പാത കൂടി തകർന്നതോടെ പഴയചിറ യു.പി സ്‌കൂളിലേക്ക് എത്തുന്ന കുട്ടികളും ഏറെ പ്രയാസപ്പെടുന്നുണ്ട്
തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി പാലം നിർമ്മാണത്തിന്റെ കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല
പാലം പുനർനിർമ്മിച്ച് കുമാരപുരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ യാത്രാദുരിതം പരിഹരിക്കണം
- നാട്ടുകാർ