gh

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ചെങ്ങന്നൂർ സ്വദേശികളായ നഴ്സ് - ഐ.ടി പ്രൊഫഷണൽ ദമ്പതികളിൽ നിന്നും 70.75ലക്ഷം തട്ടിയ കേസിലെ ഒരാൾ കൂടി അറസ്റ്റിലായി. തമിഴ്നാട്, വില്ലുപുരം സ്വദേശിയായ അജിത്കുമാറിനെയാണ് (24) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ഷെയർ ട്രേഡിംഗ് ഗ്രൂപ്പിന്റെ പ്രതിനിധിയാണെന്ന് പറഞ്ഞു ആൾമാറാട്ടം നടത്തി പരാതിക്കാരനെ വാട്സാപ്പ് വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ലാഭമായി ആറ്‌ കോടിയോളം രൂപ വ്യാജ വെബ്സൈറ്റിലെ പരാതിക്കാരന്റെ പ്രൊഫൈലിൽ കൃത്രിമമായി കാണിച്ച്‌ വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 28 തവണകളിലായി ആകെ 70,75,435 രൂപയാണ് പരാതിക്കാരന് നഷ്ടമായത്. ഇതിൽ 8 ലക്ഷത്തോളം രൂപ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ പ്രകാരം വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഹോൾഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. നാല്‌ ലക്ഷത്തോളം രൂപ തിരികെ ലഭിക്കുന്നതിനുള്ള കോടതി നടപടികൾ പൂർത്തിയായിട്ടുള്ളതായി പൊലീസ് അറിയിച്ചു. പരാതിക്കാരനിൽ നിന്നും പണം അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായ പ്രതി. അന്വേഷണത്തിൽ പരാതിക്കാരന് നഷ്‌ടമായ തുകയിൽ 3.3 ലക്ഷം രൂപ പ്രതി തന്റെ ഉപയോഗത്തിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങിയതായി മനസ്സലായതിനെ തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് തമിഴ്നാട് വില്ലുപുരത്തുള്ള പ്രതിയുടെ വാസസ്‌ഥലത്തെത്തി നോട്ടീസ് നൽകിയിരുന്നു. സ്റ്റേഷനിൽ ഹാജരായ പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ സുഹൃത്ത് ആകാശ്, പ്രവീൺ എന്നിവർക്കാണ് പണം കൈമാറിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഈ കേസിൽ പുന്നപ്ര സ്വദേശിയായ പ്രവീൺദാസിനെയും കോയമ്പത്തൂർ സ്വദേശിയെയും ആലപ്പുഴ സൈബർ ക്രൈം പൊലീസ് മുമ്പ്‌ അറസ്റ്റ് ചെയ്തിരുന്നു.