ആലപ്പുഴ: നാവികസേനയുടെ ഡീ കമ്മീഷൻ ചെയ്ത പടക്കപ്പൽ 'ഇൻഫാക്ട് ‌ഡി 81' ആലപ്പുഴ ബീച്ചിലെത്തിയിട്ട് ഈ മാസം 22ന് നാല് വർഷം പൂർത്തിയാകും. പടക്കപ്പലിനുള്ളിൽ പ്രവേശിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുമെന്ന പ്രഖ്യാപനം കേട്ട് ആവേശംകൊണ്ട നാട്ടുകാർക്ക് ഇന്നേവരെ അതിന് യോഗമുണ്ടായിട്ടില്ല. രണ്ട് തവണ തീയതി നിശ്ചയിച്ചിട്ടും ഉദ്ഘാടനം നടന്നില്ല.

ഇനിയൊരു ഉദ്ഘാടന ചടങ്ങില്ലാതെ കപ്പലിൽ പരിഷ്ക്കരണങ്ങൾ നടത്തി പൊതുജനങ്ങൾക്ക് തുറന്നു നൽകാനാണ് ആലോചനയെന്നാണ് അധികൃതർ ഇപ്പോൾ പറയുന്നത്. ഇടക്കാലത്ത് കപ്പലിന് പെയിന്റടിച്ചിരുന്നു. ഇനി ലൈറ്റുകൾ സ്ഥാപിച്ച്, സഞ്ചാരികൾക്ക് കയറാൻ കഴിയുന്ന സൗകര്യമൊരുക്കണം.

മന്ത്രിമാരുടെ സൗകര്യത്തിനനുസരിച്ചാണ് രണ്ട് തവണ തീയതി നിശ്ചയിച്ചതെങ്കിലും ഉദ്ഘാടനം നടന്നില്ല . ഹെറിറ്റേജ് മ്യൂസിയം, ലേബർ മ്യൂസിയം, പൈതൃക പദ്ധതിയിൽ നവീകരിച്ച ലിയോ തേർട്ടീന്ത് സ്കൂൾ, മഖാം മസ്ജിദ്, സൗന്ദര്യവത്കരിച്ച കനാലുകൾ, പടക്കപ്പൽ എന്നിവയുടെ ഉദ്ഘാടനം ഒരുമിച്ചുണ്ടാകുമെന്ന പ്രഖ്യാപനവും വെറും വാക്കായി

അന്ന് തിരക്ക്, ഇന്ന് നോക്കാനാളില്ല

 തീരത്ത് സ്ഥാപിച്ച പടക്കപ്പിന് ചുറ്റും സെൽഫിയെടുക്കാൻ ആദ്യനാളുകളിൽ വൻ തിരക്കായിരുന്നു. ഇന്ന് പലരും തിരിഞ്ഞുനോക്കാത്ത സ്ഥിതിയായി

 മുംബെയിൽ നിന്ന് യാത്ര തുടങ്ങിയ പടക്കപ്പൽ കൊച്ചിയിൽ നിന്ന് കായൽമാർഗമാണ് തണ്ണീർമുക്കത്തെത്തിച്ചത്

 അവിടെ നിന്ന് 96ചക്രമുള്ള പുള്ളറിൽ ആലപ്പുഴ ബീച്ചിലേക്ക് കൊണ്ടുവന്നും . കൂറ്റൻ കെയിനിന്റെ സഹായത്തോടെയാണ് 60 ടൺ ഭാരമുള്ള പടക്കപ്പൽ ഇറക്കിയത്.

 വാദ്യമേളങ്ങളുടെ അകമ്പടിയിൽ, പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു കപ്പലിനെ നഗരം വരവേറ്റത്

അധികം താമസമില്ലാതെ കപ്പലിനുള്ളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. അതിന് മുന്നോടിയായുള്ള പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റ് തയാറാക്കുകയാണ്

- ഷാരോൺ,മാനേജിംഗ് ഡയറക്ടർ,​ മുസിരിസ് പൈതൃക പദ്ധതി