ആലപ്പുഴ: തങ്ങളു‌ടെ ആവശ്യങ്ങളോട് സർക്കാർ അനുകൂല നിലപാടെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂരിപക്ഷം മില്ലുടമകളും നെല്ല് സംഭരണത്തോട് മുഖംതിരിച്ചതോടെ കുട്ടനാട്ടിൽ കൊയ്തെടുത്ത നെല്ല് സംഭരിക്കുന്ന ജോലികൾ മന്ദഗതിയിൽ നീങ്ങുന്നു. ഒരുമില്ലുകാരാണ് നിലവിൽ കുട്ടനാട്ടിൽ സംഭരണരംഗത്തുള്ളത്. എത്രയും വേഗം അനുനയനീക്കങ്ങൾ നടത്തി കൂടുതൽ മില്ലുകാരെ സംഭരണത്തിനിറക്കണമെന്നാണ് കർഷകരുടെ ആവശ്യം.

നിലവിൽ മഴ ഒഴിഞ്ഞുനിൽക്കുന്നത് അനുകൂല സാഹചര്യമാണ്. അടുത്ത ആഴ്ചയോടെ മഴയുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനം കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. കൂടുതൽ പാടശേഖരങ്ങളിൽ കൊയ്ത്ത് ആരംഭിച്ചതിനാൽ അധികം മില്ലുകാർ രംഗത്തെത്തിയാലേ സമയബന്ധിതമായി സംഭരണം പൂർത്തിയാക്കാനാവുകയുള്ളൂ. ഇത് നടപ്പായില്ലെങ്കിൽ നെല്ല് മഴയിൽ നശിക്കാനും ഈർപ്പത്തിന്റെ പേരിൽ കൂടുതൽ കിഴിവ് നൽകേണ്ടിവരാനും ഇടയാക്കും. ഇപ്പോൾ തന്നെ നാല് ശതമാനം കിഴിവ് പറഞ്ഞിടത്ത് 17ശതമാനം കിഴിവിലാണ് മില്ലുകാർ നെല്ലെടുക്കുന്നതെന്ന് ആക്ഷേപമുണ്ട്.

സിവിൽ സപ്ലൈസിൽ നിന്ന് 200 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് മില്ലുടമകൾ പറയുന്നു. ഒരു ക്വിന്റൽ നെല്ലിൽ നിന്നും 64.5 ശതമാനം ഔട്ട് ടേൺ റേഷ്യോ പുനഃസ്ഥാപിച്ചാലേ നെല്ല് സംഭരണത്തോട് സഹകരിക്കൂവെന്നാണ് കേരള റൈസ് മില്ലേഴ്സ് അസോസിയേഷന്റെ നിലപാട്. 2005ൽ കേരളത്തിൽ നെല്ല് സംഭരണ വിതരണ പദ്ധതി ആരംഭിച്ചപ്പോൾ 112മില്ലുകൾ ഇതിന്റെ ഭാഗമായിരുന്നു. ഇപ്പോഴത് 56ആയി ചുരുങ്ങി. 2022 - 23 വർഷത്തെ കൈകാര്യചിലവ് കുടിശിക നൽകാമെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഉറപ്പുനൽകിയെങ്കിലും എന്ന് നൽകുമെന്ന് വ്യക്തമാക്കിയിട്ടില്ല. 8വർഷം മുമ്പ് സർക്കാർതല കമ്മിറ്റി അംഗീകരിച്ച കൈകാര്യച്ചിലവായ ക്വിന്റലിന് 272 രൂപ എന്നത് നടപ്പാക്കിയില്ലെന്നും മില്ലുടമകൾ ചൂണ്ടിക്കാട്ടി.

നിസ്സഹകരണം തുടർന്ന് മില്ലുകാർ

 100 കിലോ നെല്ല് അരിയാക്കി 68 കിലോ തിരിച്ചുനൽകണമെന്നാണ് സർക്കാർ നിബന്ധന

 എന്നാൽ 64.5 കിലോ അരിയേ നൽകാൻ കഴിയൂവെന്നാണ് മില്ലുടമകളുടെ നിലപാട്

 65.5കിലോ അരിയെന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിലുയർന്ന ധാരണ അംഗീകരിക്കാൻ മില്ലുകാർ തയ്യാറല്ല

 സർക്കാർതല കമ്മിറ്റി അംഗീകരിച്ച കൈകാര്യ ചിലവ് വർദ്ധന അംഗീകരിച്ചില്ലെന്നും മില്ലുടമകൾ

ജില്ലയിൽ രണ്ടാംകൃഷിയിറക്കിയത്

80,000 ഹെക്ടറിൽ

കൊയ്ത്തിന് പാകമായത്

400 ഹെക്ടറിൽ

വിതച്ച തീയതിയും കൊയ്യുന്ന സമയവും വ്യക്തമായി അറിഞ്ഞിട്ടും സംഭരണത്തിന് മുൻകൂർ നടപടികൾ അധികൃതർ എടുക്കാതിരുന്നതാണ് ഇപ്പോൾ പ്രശ്നം രൂക്ഷമാകാനിടയായത്

- കർഷകർ

സർക്കാർതല വിദഗ്ദ്ധസമിതി പരിശോധിച്ച് അംഗീകരിച്ച അരിയുടെ അനുപാതം പുനഃസ്ഥാപിക്കണം. അല്ലെങ്കിൽ അതിനനുസരിച്ചുള്ള നഷ്ടപരിഹാരം മുൻവർഷങ്ങളിലേത് കൂടി ചേർത്ത് നൽകണം

- കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ