mockdrill

ആലപ്പുഴ: ബോംബ് ഭീഷണിയുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ജി.ആർ.പി, ആർ.പി.എഫ് എന്നിവരുടെ നേതൃത്വത്തിൽ മോക്ഡ്രിൽ നടത്തി. ഉച്ചയ്ക്ക് 2.30ന് സ്റ്റേഷൻ മാസ്റ്രറുടെ ഓഫീസിലേക്ക് ഒരാൾ ഓടിയെത്തി അലക്ഷ്യമായി കിടക്കുന്ന ബാഗിൽ നിന്ന് ശബ്ദം കേൾക്കുന്നതായി അറിയിക്കുന്നു. സ്റ്റേഷൻ മാസറ്റർ പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുള്ള റെയിൽവേ പൊലീസിനെ ഇത് അറിയിക്കുകയും ഇവർ മെറ്റൽ ഡിറ്റക്ടറിൽ പരിശോധിക്കുന്നു. തുടർന്ന് 2.40ന് ജി.ആർ.പി ഉദ്യോഗസ്ഥർ എത്തി സ്ഥലത്തേക്ക് ആരും പ്രവേശിക്കാതിരിക്കാൻ വടം ഉപയോഗിച്ച് നിയന്ത്രിച്ചു. 2.45ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി ബോംബ് നിർവീര്യമാക്കുന്നു. 10 മിനിറ്റുകൊണ്ട് എങ്ങനെ ഇത്തരത്തിൽ ബോംബ് ഭീക്ഷണിയെ ഒഴിവാക്കാമെന്നതിനെപ്പറ്റിയാണ് മോക് ഡ്രിൽ നടത്തിയത്. മോക് ഡ്രില്ലിന് ആർ.പി.എഫ് ഇൻസ്പെക്ടർ പ്രിൻസ്, ജി.ആർ.പി എസ്.എച്ച്.ഒ ബിജോയ് കുമാർ എന്നിവർ നേതൃത്വം നൽകി.