
ചാരുംമൂട്: ഇറച്ചിക്കോഴികളെ കയറ്റി വന്ന ലോറി പാഞ്ഞുകയറി തട്ടുകട തകർന്നു. കൊല്ലം - തേനിപാതയിൽ താമരക്കുളം ജംഗ്ഷനു സമീപം ഇന്നലെ പുലർച്ചെ 3 ഓടെയായിരുന്നു അപകടം. താമരക്കുളം നെടിയാണിക്കൽ ക്ഷേത്ര ജംഗ്ഷനിലുള്ള വളവിൽ വച്ചായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന് ഇറച്ചിക്കോഴികളെ കയറ്റി കൊല്ലത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ തട്ടിയ ശേഷം, തട്ടുകട ഇടിച്ചു തകർത്ത് തൊട്ടടുത്ത വീടിനിനോട് ചേർന്ന് ഒരു വശത്തേക്ക് മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന കൊല്ലം സ്വദേശികളായ ഡ്രൈവർ ശ്യാം , ക്ലീനർ സിദ്ധാർത്ഥ് എന്നിവർ രക്ഷപ്പെട്ടെങ്കിലും ധാരാളം കോഴികൾ ചത്തിരുന്നു. താമരക്കുളം വാലു പറമ്പിൽ തുളസിയുടെ വീടിനോട് ചേർന്നുള്ള തട്ടുകടയാണ് പൂർണ്ണമായി തകർന്നത്. വാഹനം വളവിലെത്തിയപ്പോൾ നായ കുറുക്കു ചാടിയതാണ് അപകട കാരണമെന്നാണ് ഡ്രൈവർ പറയുന്നത്. സംഭവമറിഞ്ഞ് നൂറനാട് പൊലീസും വൈദ്യുതി ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. പൊലീസ് നിർദ്ദേശ പ്രകാരം കോഴികളെ മറ്റൊരു ലോറിയിലേക്ക് മാറ്റുകയും ലോറി ക്രെയിനുപയോഗിച്ച് സ്ഥലത്തു നിന്നു മാറ്റിയിടുകയും ചെയ്തു. രാത്രി പത്തരയോടെ തട്ടുകട ഒതുക്കി ഉറങ്ങാൻ കിടന്നിരുന്നതായും ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞെട്ടിയുണരുകയായിരുന്നുവെന്നും കട ഉടമ തുളസി പറഞ്ഞു. തുളസിയുടെ ഉപജീവനമാർഗമായ തട്ടുകട നാല് മാസം മുമ്പ് കാറ്റിലും മഴയിലും മരം വീണ് തകർന്നിരുന്നു.