ആലപ്പുഴ: അതിദാരിദ്ര്യ നിർമാർ ജനപദ്ധതി ഗുണഭോക്താക്കൾക്ക്‌ ചേർത്തല നഗരസഭ നൽകിയ ഭക്ഷ്യകിറ്റ്​ കൂപ്പൺ അടിച്ചുമാറ്റിയ കോൺഗ്രസ്‌ ക‍ൗൺസിലർക്കെതിരെ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന്​ ഡി.വൈ.എഫ്‌.ഐ ജില്ല സെക്രട്ടറി ജയിംസ്‌ ശാമുവേൽ, സെക്രട്ടറിയറ്റ്‌ അംഗം ജി. ശ്രീജിത് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ എല്ലാ ബ്ലോക്ക്​ കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിക്കും. സമരത്തിന്റെ ഭാഗമായി തെരുവിൽ ഭിക്ഷാടനം നടത്തി കിട്ടുന്നപണം പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‌ അയച്ചുകൊടുക്കും. സംസ്ഥാനം അതിദാരിദ്ര്യമുക്തമായത്​ അട്ടിമറിക്കാൻ പ്രതിപക്ഷവും കോൺഗ്രസും സംഘടിതമായ നീക്കമാണ്‌ നടത്തുന്നത്​. ഇതിന്റെ ഭാഗമായാണ്‌ കോൺഗ്രസിന്റെ ചേർത്തലയിലെ ക‍ൗൺസിലർ എം.എം. സാജു അതിദാരിദ്ര്യ നിർമാർജന പദ്ധതി ഗുണഭോക്താവിന്‌ നൽകിയ കൂപ്പൺ മോഷ്‌ടിച്ചതെന്നും നേതാക്കൾ ആരോപിച്ചു. അയാൾക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറായിട്ടില്ല. ഇത്‌ ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെയാണെന്നതിന്​ തെളിവാണെന്നും ഭാരവാഹികൾ പറഞ്ഞു.