ചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം കാടുപിടിച്ചു കിടന്ന പ്രദേശത്ത് കണ്ടെത്തിയ അസ്ഥികൂടം 40 നും 50 വയസിനുമിടയിൽ പ്രായമുള്ളയാളുടെതാണെന്നും മാസങ്ങൾ പഴക്കമുള്ളതാണെന്നും പ്രാഥമിക റിപ്പോർട്ട്. സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളിൽ കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി. ചേർത്തല റെയിൽവേ സ്റ്റേഷന് 500 മീറ്റർ വടക്ക് ഭാഗത്തായി ദേശീയപാതയോട് ചേർന്ന് റെയിൽവേയുടെ ഉടമസ്ഥതയിൽ കാടുപിടിച്ചു കിടന്ന പ്രദേശത്താണ് തിങ്കളാഴ്ച രാവിലെ അസ്ഥികൂടം കണ്ടെത്തിയത്.

ദേശീയപാതയിലുടെ ദീർഘദൂര യാത്ര പോയ ലോറി ഡ്രൈവർ വാഹനം നിർത്തിയപ്പോഴാണു കാടുപിടിച്ചു കിടക്കുന്ന മരത്തിനു സമീപം അസ്ഥികൂടം കണ്ടെത്തിയത്. ചേർത്തല പൊലീസ് അസ്ഥികൂടം ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചയിലേക്ക് മാറ്റി പോസ്റ്റ് മോർട്ടം നടത്തി. അഴുകിയ ശരീരത്തിന്റെ കുറച്ചു ഭാഗവും തലയോട് ഉൾപ്പെടെയുള്ള ഭാഗങ്ങളുടെ അസ്ഥികൂടമാണ് കണ്ടെത്തിയത്. അസ്ഥികൂടത്തിനു സമീപം പഴകിയ ദ്രവിച്ചു പോകാത്ത വസ്ത്രവും കുരുക്കുള്ള കയറും കണ്ടെത്തിയതിനാൽ തൂങ്ങി മരണമാകാനാണ് സാദ്ധ്യതയെന്നും ശരീരം അഴുകിയപ്പോൾ കയറിൽ നിന്ന് വേർപെട്ടു പോയതാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.