ചേർത്തല:ചേർത്തല നഗരസഭയിലെ അതിദരിദ്രർക്ക് നൽകുന്ന ഭക്ഷ്യക്കൂപ്പൺ തിരിമറി നടത്തിയെന്ന സംഭവത്തിൽ പൊലീസ് ആരോപണ വിധേയനായ കൗൺസിലറുടെ മൊഴിയെടുത്തു. നഗരസഭ 25ാം വാർഡ് കോൺഗ്രസ് കൗൺസിലർ എം.എ സാജുവിന്റെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ഗുണഭോക്താവിന്റെ സമ്മതപ്രകാരമാണ് ഭക്ഷ്യക്കിറ്റ് മറ്റൊരാൾക്ക് നൽകിയതെന്നാണ് കൗൺസിലർ മൊഴി നൽകിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെയും പൊലീസ് നഗരസഭയിലെത്തി സെക്രട്ടറി ഉൾപ്പെടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു. വിശദമായ അന്വേഷണത്തിനു ശേഷമേ എഫ്‌.ഐ.ആർ രേഖപ്പെടുത്തി കേസെടുക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, കോൺഗ്രസ് കൗൺസിലർ എം.എ.സാജുവിനെതിരെയുണ്ടായ ആരോപണം സി.പി.എം–ബി.ജെ.പി കൂട്ടുകെട്ടിൽ നിന്നുണ്ടായ ഗൂഢാലോചനയാണെന്ന് കോൺഗ്രസ് ചേർത്തല ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ നടത്തിയ ഗൂഢാലോചന ജനങ്ങൾ തിരിച്ചറിയണമെന്നും ബ്ലോക്ക് പ്രസിഡന്റ് കെ.സി.ആന്റണി പറഞ്ഞു.

യോഗത്തിൽ കോൺഗ്രസ് നേതാക്കളായ സി.ഡി ശങ്കർ,സി.വി തോമസ്, എസ്.കൃഷ്ണകുമാർ,കെ.ജെ.സണ്ണി,ജി.വിശ്വംഭരൻനായർ,കെ.കെ.വരദൻ, ബി.ഭാസി,സി.എസ്.പങ്കജാക്ഷൻ,ജി.ഉണ്ണിക്കൃഷ്ണൻ,വി.വിനീഷ്,എൻ.മധുകുമാർ എന്നിവർ പങ്കെടുത്തു.