ആലപ്പുഴ: ജില്ലാ ലൈബ്രറിയോട് നഗരസഭ കാണിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അറ്റകുറ്റപ്പണിക്കെന്ന പേരിൽ ജീർണിതാവസ്ഥയിലുള്ള മറ്റൊരു കെട്ടിടത്തിലേക്ക് ലൈബ്രറി മാറ്റിയിട്ട് ഒരുമാസം കഴിഞ്ഞിട്ടും നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. മറ്രെല്ലാ ജില്ലകളിലും ജില്ലാ ലൈബ്രറികൾ സംരക്ഷിച്ച് വരുമ്പോൾ ആലപ്പുഴയിൽ മാത്രമാണ് ഇത്രയും വലിയ അവഗണന നേരിടുന്നതെന്ന് ആലപ്പുഴ മുനിസിപ്പൽ ലൈബ്രറി ഫോറം ഭാരവാഹികൾ പറയുന്നത്. ലൈബ്രറിയുടെ അറ്റകുറ്റപ്പണികൾ എന്ന പേരിൽ പഴയ നഗരസഭ മന്ദിരത്തിലേക്കാണ് ലൈബ്രറി മാറ്റിയിരിക്കുന്നത്. വളരെ മോശം അവസ്ഥയിൽ കിടക്കുന്ന ആസ്ഥാന മന്ദിരത്തിലേക്ക് പ്രവേശിക്കാൻ ആവില്ല. ലൈബ്രറി നഗര ഹൃദയത്തിൽ നിന്ന് മാറ്റിയത് തന്നെ വായനക്കാരെ ബാധിച്ചിട്ടുണ്ട്. നഗരത്തിൽ നിലനിറുത്താനുള്ള സൗകര്യങ്ങളുണ്ടായിട്ടാണ് അനാധപ്രേതം പോലെയുള്ള സ്ഥലത്തേക്ക് ലൈബ്രറി മാറ്റിയത്. മുനിസിപ്പൽ ലൈബ്രറി കെട്ടിടം ചോർന്നൊലിക്കുകയും വിണ്ടുകീറുകയും ചെയ്തതോടെയാണ് അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ ലൈബ്രറി മാറ്റി സ്ഥാപിച്ചത്. 10 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവ‌‌ർത്തനങ്ങൾ തുടങ്ങാൻ സാധിച്ചിട്ടില്ല.

......................

ലൈബ്രറി മാറ്റണം

1. നഗരചത്വരത്തിൽ തന്നെ ലൈബ്രറി മാറ്രാനുള്ള സ്ഥലം നിലവിലുണ്ടായിരുന്നു. ലളിതകലാ അക്കാദമിയുടെ മുകളിലുള്ള നഗരസഭ ഓഡിറ്റോറിയത്തിൽ ഇതിനുള്ള സൗകര്യമുണ്ട്.

2. അക്കാദമിയിൽ ഹെൽത്ത് ഇൻസ്‌പെക്ടറുടെ ഓഫീസ് മാത്രമാണ് പ്രവർത്തിക്കുന്നത്. ഇത്രയും വലിയ ഹാൾ ഹെൽത്ത് ഇൻസ്‌പെക്ടറുടെ ഓഫീസിനായി ആവശ്യമില്ല.

3. ഓഫീസിനുള്ള സ്ഥലം നൽകി ബാക്കിയുള്ള സ്ഥലത്ത് വിശാലമായ സൗകര്യത്തോടെ ലൈബ്രറി ഒരുക്കാം. ഇത് ചൂണ്ടിക്കാട്ടി നഗരസഭ അദ്ധ്യക്ഷയ്ക്ക് കത്ത് നൽകിയിട്ടും അവഗണനയാണ് ലഭിച്ചതെന്ന് ഭാരവാഹികൾ പറയുന്നു.

മുനിസിപ്പൽ ലൈബ്രറി കെട്ടിടം അടിയന്തരമായി പൂർത്തിയാക്കുകയോ അല്ലെങ്കിൽ നഗരസഭ ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയോ ചെയ്യണം. അല്ലാത്ത പക്ഷം നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തും

-തോമസ് കുര്യൻ,

ആലപ്പുഴ മുനിസിപ്പൽ ലൈബ്രറി ഫോറം