മാന്നാർ: ലയൺസ് ക്ലബ് ഓഫ് മാന്നാറിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും ഞായറാഴ്ച നായർ സമാജം അക്ഷര സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽഅറിയിച്ചു. തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും ജില്ലാ അന്ധത നിവാരണ നിയന്ത്രണ സൊസൈറ്റിയുടെയും സഹകരണത്തോടെ നടത്തുന്ന സൗജന്യ നേത്ര പരിശോധനയും ശസ്ത്രക്രിയ ക്യാമ്പും ഞായറാഴ്ച രാവിലെ 8 ന് മാന്നാർ പൊലീസ് എസ്.എച്ച്.ഒ ഡി.രജീഷ് കുമാർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. മാന്നാറിലെയും പരിസര പ്രദേശങ്ങളെയും തിമിര വിമുക്ത മേഖലയാക്കുകയെന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും കഴിഞ്ഞ 25 വർഷങ്ങളിലായി രണ്ടായിരത്തിലധികം രോഗികൾക്ക് വിജയകരമായി സൗജന്യ ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതിന് ക്ലബിന് കഴിഞ്ഞിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ക്യാമ്പ് നടക്കുന്ന ദിവസം രോഗികൾ ക്യാമ്പിൽ എത്തിച്ചേർന്ന് രജിസ്ട്രേഷൻ നടക്കുന്ന മുറയ്ക്കാണ് രോഗികൾക്ക് മുൻഗണന ലഭിക്കുക. മാന്നാർ ലയൺസ് ക്ലബ് പ്രസിഡന്റ് അശോകൻ നായർ, സെക്രട്ടറി ലിജോയ് അലക്സ്, കൺവീനർ സുരേഷ് ബാബു, ഗ്ലോബൽ സർവീസ് ടീം കോർഡിനേറ്റർ വി.കെ.സജീവ്, പി.ആർ.ഒ കൃഷ്ണകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.