ആലപ്പുഴ: പുറക്കാട് പഞ്ചായത്ത് 12-ാം വാർഡിലെ മാത്തേരി-പള്ളിച്ചിറ-ഇരണ്ടച്ചാൽച്ചിറ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. വാർഡിലെ 216 കൂടുംബങ്ങളാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക.റോഡ് നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ചുപോയ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ജി.സുധാകരൻ മന്ത്രിയായിരുന്നപ്പോൾ റോഡ് നിർമ്മാണത്തിന് നബാർഡ് വഴി 10 കോടി രൂപ അനുവദിച്ചിരുന്നു. 2019ൽ കരാറുകാരൻ റോഡ് പണി തുടങ്ങി. എന്നാൽ 30 ശതമാനം നിർമ്മാണം പൂർത്തിയാക്കി കാശ് വാങ്ങിയതോടെ കരാറുകാരൻ സ്ഥലം വിട്ടു.
മൂന്നു കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ നിർമ്മാണത്തിനായി ഇതുവരെ രണ്ടര കോടിയോളം രൂപ മാത്രമാണ് ചെലവാക്കിയത്.
പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പഞ്ചാത്ത് പ്രസിഡന്റ്, ബ്ലോക്ക് മെമ്പർ, എം.എൽ.എ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്ക് ഉൾപ്പടെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഭാരവാഹികളായ എച്ച്.റഷീദ്, കെ.രാജേന്ദ്രൻ, പി.കുഞ്ഞുമോൻ, ജോസഫ് മാർക്കോസ്, എസ്.സുമേഷ് എന്നിവർ പറഞ്ഞു.