
മാവേലിക്കര : ഗതാഗതക്കുരുക്കിന് ശാസ്ത്രീയ പരിഹാരമായി നഗരത്തിൽ പുതിയ സിഗ്നൽ സംവിധാനം നടപ്പിലാക്കും. മാവേലിക്കര മിച്ചൽ ജംഗ്ഷൻ, തട്ടാരമ്പലം, പുതിയകാവ് എന്നിവിടങ്ങളിൽ പുതിയ സിഗ്നൽ വിളക്കുകളും വിവിധ സ്ഥലങ്ങളിലായി 25 നിരീക്ഷണ ക്യാമറകളുമാണ് സ്ഥാപിക്കുക. ക്യാമറകൾ നിരീക്ഷിക്കുന്നതിനായി പൊലീസ് സ്‌റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം ഉണ്ടാകും. ക്യാമറകളിലെ ദൃശ്യങ്ങൾ നഗരസഭയ്ക്ക് നിരീക്ഷിക്കുവാനുളള സംവിധാനവും സജ്ജമാക്കും. ടൗണിലെ തിരക്കുളള സ്ഥലങ്ങളിൽ ട്രാഫിക് ബ്ലിങ്കറുകളും സ്ഥാപിക്കും.
മിച്ചൽ ജംഗ്ഷനിൽ 15 വർഷം മുമ്പ് കെൽട്രോൺ സ്ഥാപിച്ച സിഗ്നൽ വിളക്കുകളാണ് നിലവിലുളളത്. ഇവയെക്കുറിച്ച് പലതവണ പരാതികൾ ഉയർന്നിരുന്നു.
തട്ടാരമ്പലം ജംഗ്ഷനിൽ നേരത്തയുണ്ടായിരുന്ന സിഗ്നൽ വിളക്ക് തകരാറിലാകുന്നത് പതിവായിരുന്നു. മാസങ്ങളോളം സിഗ്നൽ വിളക്ക് പ്രവർത്തിക്കാതിരുന്നത് മൂലം ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. തട്ടാരമ്പലം - പന്തളം റോഡ് ആധുനിക രീതിയിൽ നവീകരിച്ചതോടെ ജംഗ്ഷനിൽ റൗണ്ട് എബൗട്ട് സംവിധാനം നിലവിൽ വന്നു. റൗണ്ട് എബൗട്ടിന് അനുയോജ്യമായ സിഗ്നൽ സംവിധാനമാണ് തട്ടാരമ്പലം ജംഗ്ഷനിൽ പുതുതായി സ്ഥാപിക്കുക. ഇവിടെ നാല് ദിശകളിലേക്കും നിരീക്ഷണ ക്യാമറകളുമുണ്ടാകും.സിഗ്നൽ വിളക്കുകളും ക്യാമറകളും സ്ഥാപിക്കുന്നതിന്റെ ഭാഗമായി എം.എസ്.അരുൺകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ തട്ടാരമ്പലം ജങ്ഷൻ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. നഗരസഭ കൗൺസിലർ പുഷ്പ സുരേഷ്, ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ്, സി.ഐ സി.ശ്രീജിത് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.പത്തനംതിട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന വൈബ്രന്റ് മീഡിയ എന്ന ഏജൻസിയാണ് സിഗ്നൽ വിളക്കുകളും ക്യാമറകളും സ്ഥാപിക്കുന്നത്. സ്‌പോൺസർഷിപ്പിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന വിളക്കുതൂണുകളിൽ നിശ്ചിത കാലത്തേക്ക് സ്വകാര്യസ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ പ്രദർശിപ്പിച്ച് വരുമാനമുണ്ടാക്കുവാൻ ഏജൻസിയ്ക്ക് അനുമതി നൽകും.
ഗതാഗതക്കുരുക്കിന് പരിഹാരമാകും
സിഗ്നൽ വിളക്കുകൾ സ്ഥാപിക്കുന്നതോടെ ഗതാഗതത്തിരക്കുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്.
നഗരത്തിലും പരിസരപ്രദേശങ്ങളിലും മുൻ എംഎൽഎ ആർ. രാജേഷിന്റെ ഫണ്ടുപയോഗിച്ച് 15 നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിരുന്നു
എന്നാൽ ക്യാമറയിലെ ദൃശ്യങ്ങൾ നഗരസഭയ്ക്കും ലഭ്യമാക്കണമെന്ന ഉപാധി നടപ്പാകാതിരുന്നതിനെ തുടർന്ന് വൈദ്യുതി ബിൽ അടയ്ക്കാൻ നഗരസഭ വിസമ്മതിച്ചിരുന്നു
ഇതോടെ ക്യാമറകൾ പ്രവർത്തിക്കാത്ത നിലയിലാണ്. പുതിയ ക്യാമറകൾ സ്ഥാപിക്കുമ്പോൾ നഗരസഭയ്ക്കും ദൃശ്യങ്ങൾ ലഭ്യമാക്കുന്നതോടെ പ്രശ്നപരിഹാരമുണ്ടാകും