
പൂച്ചാക്കൽ: പൂച്ചാക്കൽ–പെരുമ്പളം പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ.പെരുമ്പളം ഭാഗത്തെ അപ്രോച്ച് റോഡിന്റെ ജോലികൾ മാത്രമാണ് ബാക്കിയുള്ളത്.താഴ്ന്നതും ചതുപ്പായതുമായ പ്രദേശമായതിനാൽ ആയിരത്തോളം തെങ്ങിൻകുറ്റികൾ താഴ്ത്തിയും ഗ്രാവൽ നിറച്ചും പ്രദേശം ഉയർത്തിയിട്ടുണ്ട്.ഭാവിയിൽ റോഡിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനും ദീർഘകാല സ്ഥിരത ഉറപ്പാക്കാനും ജിയോഗ്രിഡ്, ജിയോടെക്സ്റ്റൈൽ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണം.ഗ്രാവൽ നിരത്തുന്ന ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. തുടർന്ന്, നിർദ്ദിഷ്ട അളവിൽ മെറ്റൽ പാളികൾ നിറുത്തി ടാർ ചെയ്യുന്നതോടെ അപ്രോച്ച് റോഡ് പൂർത്തിയാകും. പാലത്തിന്റെ പടിഞ്ഞാറെക്കരയായ വടുതല ജെട്ടി ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്.
പാലത്തിന് മഴവിൽ തിളക്കം
# പാലത്തിന്റെ പെയിന്റിംഗ് പ്രവൃത്തികൾ പുരോഗതിയിലാണ്. മധ്യഭാഗത്തെ മൂന്ന് ബോക്‌സ്‌ട്രിംഗ് ആർച്ചുകളിൽ മഴവിൽ നിറങ്ങൾ നൽകി ആകർഷകമാക്കുന്ന ജോലികളാണ് നടക്കുന്നത്
# മറ്റ് ഭാഗങ്ങളിലും അതിനനുസരിച്ചുള്ള നിറങ്ങൾ നൽകും. വിനോദസഞ്ചാരികളെയും യാത്രക്കാരെയും ആകർഷിക്കുകയാണ് ലക്ഷ്യം.
അലങ്കാര തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളും നടക്കുന്നുണ്ട്
# 1157 മീറ്റർ നീളവും ഇരുവശങ്ങളിലുമായി ഒന്നര മീറ്റർ നടപ്പാത ഉൾപ്പെടെ 11മീറ്റർ വീതിയുമാണ് പൂച്ചാക്കൽ–പെരുമ്പളം പാലത്തിനുള്ളത്
# ബോക്‌സ്‌ട്രിംഗ് ആർച്ച് ഭാഗത്ത് വീതി 12 മീറ്ററാണ്. ഇരുവശങ്ങളിലുമായി 300 മീറ്റർ നീളത്തിലും 9.5 മീറ്റർ വീതിയിലുമാണ് അപ്രോച്ച് റോഡുകളുള്ളത്
# കിഫ്ബിയുടെ സഹായത്തോടെ 100 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണച്ചെലവ്. ഡിസംബറിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷ