saji-cheriyan-

മാന്നാർ: കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മുഴുവൻ വാർഡുകളിലും വികസന പ്രവർത്തനങ്ങൾ നടത്തിയ ടി.വി രത്നകുമാരിയുടെ നേതൃത്വത്തിലുള്ള മാന്നാർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാന്നാർ പഞ്ചായത്ത് ഒന്നാം വാർഡിൽ നിർമ്മിച്ച 164-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സജി ചെറിയാൻ. 10ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടിൽ വകയിരുത്തി സ്ഥലം വാങ്ങിയും സജി ചെറിയാന്റെ ആസ്തിവികസന ഫണ്ടിൽ 25ലക്ഷം രൂപ ഉൾപ്പെടുത്തിയുമാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, സലിം പടിപ്പുരയ്ക്കൽ, വത്സല ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, അജിത് പഴവൂർ ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി ജയദേവൻ, പ്രൊഫ.പി.ഡി.ശശിധരൻ, പി.എൻ ശെൽവരാജൻ, ടൈറ്റസ് പി.കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു തുടർന്ന് എട്ടാം വാർഡിൽ എം.സി.എഫ് കെട്ടിടം, മാന്നാർ വില്ലേജ് ഓഫീസ് കെട്ടിട നിർമാണം, മാന്നാർ- കോയിക്കൽ ജംഗ്ഷന്‍ വെയിറ്റിംഗ് ഷെഡ്, വാർഡ് 11 ൽ കൊച്ചുകളരിയ്ക്കൽ റോഡ്, വാർഡ് 13 ൽ മാന്നാർ കൊട്ടാരം കലുങ്ക് - നടുവിലത്തറ റോഡ്, ചെന്നിത്തല 146ാം നമ്പർ അങ്കണവാടി കെട്ടിടം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.