ആലപ്പുഴ: 'റോഡില്ലെങ്കിൽ വോട്ടില്ല'.... കൈതവന വാർഡിലെ ചർച്ച് ലൈൻ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാത്തതിൽ പ്രതിഷേധിച്ച് വോട്ട് ചോദിച്ച് ആരും വരേണ്ടതില്ലെന്ന് കാണിച്ച് പ്രദേശവാസികൾ ഫ്ലക്‌സ് വച്ചു. കൈതവന ജംഗ്ഷന് സമീപം പള്ളിയോട് ചേർന്നുള്ള റോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് ഫ്ലക്‌സ് വച്ചത്. വോട്ട് ബഹിഷ്‌കരിക്കുന്നുവെന്നും വോട്ട് ചോദിച്ച് ആരും ഈ വഴി വരേണ്ടതില്ലെന്നും നാട്ടുകാർ പറയുന്നു.

റോഡ് പൊളിച്ചിട്ട് രണ്ടുവർഷമായിട്ടും നിർമ്മാണം നടത്താത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ രംഗത്തിറങ്ങിയിരിക്കുന്നത്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലേക്ക് വാഹനങ്ങളോ ആശുപത്രി ആവശ്യങ്ങൾ വന്നാൽ ആംബുലൻസോ എത്തില്ല. കൗൺസിലറെ സമീപിച്ചാൽ അടുത്ത ആഴ്ച പണി തുടങ്ങുമെന്നും മാത്രമാണ് മറുപടിയെന്നും ഇവർ പറയുന്നു.

......

രാഷ്ട്രീയ പ്രേരിതം

തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കൗൺസിലർ സജേഷ് ചക്കുപറമ്പ് പറയുന്നു. കരാറുകാരന്റെ അനാസ്ഥയാണ് റോഡ് നിർമ്മാണം നടക്കാത്തതിന് കാരണം. ജനുവരിയിൽ റോഡ് നിർമ്മാണം ഏറ്റെടുത്ത കരാറുകാരനെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇയാൾ വീട് ജപ്തിയാകുമെന്നും ഒഴിവാക്കരുതെന്നും ആവശ്യപ്പെട്ടു. തുടർന്ന് കൈതവന റെസിഡന്റ്സ് അസോസിയേഷൻ യോഗത്തിൽ കരാറുകാരൻ എത്തുകയും ഫെബ്രുവരിയിൽ റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്നും അറിയിച്ചു. ബാങ്കിൽ കടമുള്ളതിനാൽ കൺസ്ട്രക്ഷൻ അക്കൗണ്ടിലേക്ക് കൈമാറേണ്ട പണം നഗരസഭ, കരാറുകാരന്റെ പഴ്‌സണൽ അക്കൗണ്ടിലേക്കാണ് കൈമാറിയത്. ഇത് പരാതിപ്പെട്ടാൽ നഗരസഭയിലെ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ലഭിക്കും. അതുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തതെന്നും സജേഷ് ചക്കുപറമ്പ് കൂട്ടിച്ചേർത്തു.