ചെന്നിത്തല: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ചെന്നിത്തലയിലെ കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട ആഭ്യന്തര കലാപത്തിൽ ഡി.സി.സി സെക്രട്ടറിയുടെ രാജിക്ക് പിന്നാലെ ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസിൽ നിന്നും രാജിവെച്ചത് കോൺഗ്രസ് പ്രവർത്തകരെ ആശങ്കയിലാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയപ്പോൾ ഭിന്നിപ്പിന്റെ സ്വരം ഉയർന്നതാണ് കോൺഗ്രസ് പ്രവർത്തകരെ ആശങ്കയിലാക്കുന്നത്.
ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും ചെന്നിത്തല ഗ്രാമ പഞ്ചായത്തംഗവുമായ ഷിബു കിളിയമ്മൻ തറയിലാണ് ഇന്നലെ കോൺഗ്രസിൽ നിന്നും രാജിവെച്ചത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് വാർഡിലെ ജനപ്രതിനിധിയുമായി കൂടിയാലോചനകൾ നടത്തിയില്ലെന്നാരോപിച്ചായിരുന്നു രാജി. സംവരണ മണ്ഡലമായ 12-ാം വാർഡിൽ മൽസരിക്കാനാണ് ഷിബു കിളിയമ്മൻ തറയിലിന്റെ തീരുമാനം.
ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു പാർട്ടിയുണ്ടാക്കിയ കരാർ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണ് രണ്ട് വർഷം മുമ്പ് ചെന്നിത്തലയിലെ കോൺഗ്രസിനുള്ളിൽ ഭിന്നത ഉടലെടുത്തത്. 2020 ഡിസംബർ 29ന് കെ.എൻ വിശ്വനാഥൻ, മാന്നാർ അബ്ദുൽ ലത്തീഫ്, രാധേഷ് കണ്ണന്നൂർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും പഞ്ചായത്ത് അംഗങ്ങളും ഉൾപ്പെടെ 16പേർ ഒപ്പിട്ട് അംഗീകരിച്ച കരാർപ്രകാരം വൈസ് പ്രസിഡൻ്റ് സ്ഥാനം ആദ്യ രണ്ടുവർഷം രവികുമാറിനും ഒന്നരവർഷം വീതം അഭിലാഷ് തൂമ്പിനാനത്ത്, ഷിബു കിളിയമ്മൻ തറയിൽ എന്നിവർക്കുമാണ് നിശ്ചയിച്ചത്. 2022 ഡിസംബറിൽ രണ്ടുവർഷം കലാവധി കഴിഞ്ഞിട്ടും രവികുമാർ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയാത്തതിനെ തുടർന്ന് കോൺഗ്രസ് ജനപ്രതിനിധികൾ ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദിന് പരാതി നൽകിയിരുന്നു. 2023 ജനുവരി മൂന്നിന് ബി.ബാബു പ്രസാദ് പങ്കെടുത്ത കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലും വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന നിർദ്ദേശം പാലിക്കാൻ രവികുമാർ തയ്യാറായില്ല. തുടർന്ന് ബ്ലോക്ക്കോൺഗ്രസ് പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ കത്ത് നൽകിയെങ്കിലും അതും കൈപ്പറ്റിയില്ല. ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടിട്ടും രവികുമാർ രാജി വെക്കാത്തതിനെ തുടർന്ന് ഭിന്നത രൂക്ഷമായതോടെ ഒന്നര വർഷം മുമ്പ് ഡി.സി.സി സെക്രട്ടറിയും മുൻ എംഎൽഎ എം.മുരളിയുടെ സഹോദരനുമായ ശ്രീകുമാർ കോൺഗ്രസിൽ നിന്നും രാജി വെച്ച് സി.പി.എമ്മിൽ ചേർന്നിരുന്നു.