a

മാവേലിക്കര : കോട്ടത്തോടിൽ നിന്ന് ഒഴുകിയെത്തുന്ന മലിനജലം അച്ചൻ കോവിലാറിന് ഭീഷണിയാകുന്നു. അച്ചൻകോവിൽ ആറ്റിൽ കോട്ടത്തോടിന്റെ പതനമുഖത്ത് നിന്ന് ശേഖരിച്ച ജലത്തിൽ വൻതോതിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയിരുന്നു. സാമൂഹ്യ പ്രവർത്തകനായ യു.ആർ.മനുവാണ് കോട്ടത്തോടിന്റെ പതനമുഖത്തെ ജലം ശേഖരിച്ച് പരിശോധന നടത്തിയത്.

മാവേലിക്കര നഗരത്തിലും സമീപ പ്രദേശങ്ങളിലും വിതരണം ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ ജലം പമ്പ് ചെയ്യുന്നത് അച്ചൻ കോവിലാറ്റിൽ കോട്ടത്തോടിന്റെ പതനമുഖത്തിന് സമീപത്ത് നിന്നാണ്. ഇത് കൂടാതെ അനധികൃതമായി നിരവധി കുടിവെള്ള ടാങ്കറുകളും ഇവിടെനിന്ന് ജലം ശേഖരിക്കുവന്നുണ്ട്. കോട്ടത്തോടിൽ നിന്നുള്ള മലിനജലം, ജലസംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന ഭാഗത്ത് എത്താതിരിക്കാൻ നടപടി സ്വീകരിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്.

ഭീഷണി കോട്ടത്തോടിന്റെ പതനമുഖത്തെ മാലിന്യം

 മാവേലിക്കര നഗരസഭ മുതൽ പതനമുഖം വരെയുള്ള ഭാഗത്തെ മാലിന്യമാണ് കോട്ടത്തോടിനെ വൃത്തിഹീനമാക്കുന്നത്

 തോട്ടിലേക്ക് ചില വീടുകളിലേയും സ്ഥാപനങ്ങളിലേയും കക്കൂസ് മാലിന്യം അടക്കം ഒഴുക്കുന്നതിന് പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്

 ഈ മാലിന്യം കലർന്ന ജലമാണ് കോട്ടത്തോടിലൂടെ അച്ചൻകോവിലാറ്റിലേക്ക് ഒഴുകിയെത്തുന്നത്

 കോട്ടത്തോടിലേക്കുള്ള മാലിന്യ കുഴലുകൾ അടപ്പിക്കുകയാണ് പ്രധനമായും ചെയ്യേണ്ടത്

കോട്ടത്തോട് ആരംഭിക്കുന്ന നഗരസഭ കെട്ടിടത്തിന് സമീപം മുതൽ പതനമുഖം വരെ 58 കൈയ്യേറ്റങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 4 പേർക്ക് മാത്രമാണ് നോട്ടീസ് നൽകിയത്. ബാക്കിയുള്ളവരുടെ അഡ്രസ് ഇല്ലെന്നാണ് വിവരാവകാശ രേഖ പ്രകാരം അറിയിച്ചിരിക്കുന്നത്. നഗരസഭയിൽ കരം അടക്കുന്നവരുടെ അഡ്രസ് ഇല്ലെന്ന് പറയുന്ന ഈ നഗരസഭയിൽ ഒന്നും നടക്കാൻ പോകുന്നില്ല.

- യു.ആർ.മനു, സാമൂഹ്യപ്രവർത്തകൻ