ambala

ആലപ്പുഴ: രോഗികൾക്ക് കൂടുതൽ കൃത്യതയാർന്നതും സുരക്ഷിതവുമായ ശസ്ത്രക്രിയകൾ ഉറപ്പാക്കിക്കൊണ്ട് ആലപ്പുഴ സഹൃദയ ആശുപത്രിയിൽ ഐ.സി.ജി സാങ്കേതികവിദ്യയോടുകൂടിയ ഏറ്റവും പുതിയ അഡ്വാൻസ് 4 കെ ലാപ്പറോസ്കോപിക് (താക്കോൽ ദ്വാര ശസ്ത്രക്രിയ )സിസ്റ്റം പ്രവർത്തനം ആരംഭിച്ചു. ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ ഉദ്ഘാടനം നിർവഹിച്ചു. അസി.ഡയറക്ടർമാരായ ഫാ. ആന്റോ ആന്റണി പെരുമ്പള്ളിത്തറ, ഫാ. ചാക്കോ ഇടമുറിയിൽ, സർജറി വിഭാഗം ഡോ. മുഹമ്മദ് ഇർഫാൻ, ഗൈനക്കോളജി വിഭാഗം ഡോ. ആൻസി , അനസ്തേഷ്യോളജി വിഭാഗം ഡോക്ടർമാരായ ഡോ. ഡെയ്ൻ, ഡോ. അനൂപ, നഴ്സിംഗ് സൂപ്രണ്ട് സി. സിനി, എച്ച്.ആർ. മാനേജർ അഡ്വ. അതുല്യാ, തിയേറ്റർ ഇൻചാർജ് നെവിൻ എന്നിവർ പങ്കെടുത്തു. അത്യന്തം വ്യക്തമായ 4 കെ ദൃശ്യത്തോടൊപ്പം അവയവങ്ങളിലെ രക്തയോട്ടവും മറ്റ് സുപ്രധാന ധമനികളും കൃത്യമായി തിരിച്ചറിയാൻ സഹായിക്കുന്ന ഐ.സി.ജി ഫ്ലൂറസെൻസ് സാങ്കേതികവിദ്യ ഈ സിസ്റ്റത്തിന്റെ പ്രധാന പ്രത്യേകതയാണ്. ഇത് ശസ്ത്രക്രിയകളുടെ കൃത്യതയും സുരക്ഷയും പലമടങ്ങ് വർദ്ധിപ്പിക്കാൻ സഹായിക്കും. പുതിയ 4 കെ ലാപ്രോസ്കോപ്പിക് സിസ്റ്റം സ്ഥാപിച്ചതിലൂടെ ആലപ്പുഴയിലെയും സമീപ പ്രദേശങ്ങളിലെയും രോഗികൾക്ക് ലോകോത്തര നിലവാരമുള്ള ശസ്ത്രക്രിയാ സേവനം ലഭ്യമാക്കാൻ സഹൃദയ ആശുപത്രിക്ക് സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.