ആലപ്പുഴ: ദേശീയപാതയടക്കം പൊതുഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്ത് ഷെൽട്ടർ ഹോമുകളിൽ പാർപ്പിച്ച് വന്ധ്യംകരണം നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികൾക്ക് വെല്ലുവിളിയാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. തെരുവുനായ വിഷയത്തിലെ സുപ്രീം കോടതിയുടെ നിർണായക ഉത്തരവിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മുപ്പത് പേർക്ക് നായ്ക്കളുടെ കടിയേറ്റ വിവരമടക്കം പരാമർശിക്കുന്നുണ്ട്. പേവിഷബാധയേറ്റ് സ്കൂൾ കുട്ടികളും വീട്ടമ്മമാരുമുൾപ്പെടെ മരണപ്പെട്ട ജില്ലയിൽ രണ്ടാമത്തെ എ.ബി.സി സെന്ററിനായുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. ജില്ലാ പഞ്ചായത്തിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ കണിച്ചുകുളങ്ങരയിലാരംഭിച്ച എ.ബി.സി സെന്ററിൽ തെരുവ് നായ്ക്കളുടെ വന്ധ്യംകരണം നടന്നുവരുന്നതു മാത്രമാണ് ഏക ആശ്വാസം.
ആലപ്പുഴ നഗരസഭ, പുന്നപ്ര നോർത്ത്, സൗത്ത്, മണ്ണഞ്ചേരി, മുഹമ്മ, അമ്പലപ്പുഴസൗത്ത്, നോർത്ത്, കുട്ടനാട് താലൂക്കിലെ വിവിധ പഞ്ചായത്തുകൾ എന്നിവയെ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തും നഗരസഭയും ചേർന്ന് നഗരത്തിൽ എ.ബി.സി സെന്റർ ആവിഷ്ക്കരിച്ചെങ്കിലും യാഥാർത്ഥ്യമായിട്ടില്ല. ഇതേസമയം,
നഗരങ്ങളിലും നാട്ടിൻപുറങ്ങളിലുമുൾപ്പെടെ തെരുവു നായ്ക്കളുടെ ആക്രമണം വർദ്ധിച്ചിട്ടുണ്ട്.
.
എതിർപ്പ് വെല്ലുവിളി
1. ഷെൽട്ടർ ഹോമുകൾക്കായി ഇതുവരെ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം പ്രദേശവാസികളുടെ എതിർപ്പ് നേരിട്ടിട്ടുണ്ട്
2. ജില്ലയുടെ തെക്കൻ മേഖലയിൽ മുതുകുളത്തും എ.ബി.സി സെന്റർ ആരംഭിക്കും
3. മുതുകുളം ബ്ളോക്ക് പഞ്ചായത്ത് വാങ്ങി നൽകിയ 20 സെന്റ് സ്ഥലത്താണ് നിർമ്മാണം
4. മുതുകുളം, ഹരിപ്പാട് ബ്ളോക്കുപഞ്ചായത്ത് പരിധിയിലെ തെരുവ്നായ്ക്കളുടെ വന്ധ്യം കരണത്തിന് ഇത് പ്രയോജനപ്പെടും
5. പക്ഷേ ഈ പദ്ധതികൾ എന്ന് ആരംഭിക്കുമെന്നതാണ് ചോദ്യചിഹ്നമായി തുടരുന്നത്.
വന്ധ്യംകരണം ഏകപോംവഴിയല്ല
നായ്ക്കളുടെ വന്ധ്യംകരണം (എ.ബി.സി പദ്ധതി) മാത്രമാണ് തെരുവുനായ നിയന്ത്രണത്തിനുള്ള ഏക പോംവഴിയെന്ന സമീപനം സംസ്ഥാനത്ത് പേവിഷബാധ കേസുകൾ വർദ്ധിപ്പിക്കുമെന്നാണ് വെറ്ററിനറി ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ അഭിപ്രായം. അടിയന്തര പരിഹാരമാർഗ്ഗമായി വന്ധ്യംകരണത്തെ കാണാൻ സാധിക്കില്ല. ദീർഘകാല അടിസ്ഥാനത്തിൽ ഒരു പരിധിവരെ നായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നത് തടയുന്നതിനും സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനും മാത്രമാണ് എ.ബി.സി ഉപകാരപ്പെടുക.
ജില്ലയിൽ നായ്ക്കളുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവർ
തകഴി സ്വദേശി സൂരജ് , ചേർത്തല സ്വദേശി ലളിത, ചാരുംമൂട് സ്വദേശി സാവൻ ബി.കൃഷ്ണ, തകഴി സ്വദേശിനി കാർത്ത്യായനി, ഹരിപ്പാട് സ്വദേശി ദേവനാരായണൻ
ഷെൽട്ടറിംഗ് കേരളം പോലുള്ള ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് പ്രായോഗികം ആകണമെങ്കിൽ ഫീഡിങ്ങിന് ഉൾപ്പെടെ ആളും അർത്ഥവും വേണം. പ്രാദേശിക ഭരണകൂടങ്ങളും എൻ. ജി. ഒകളും മൃഗസ്നേഹികളും ഒരുമിച്ച് നിന്നാൽ മാത്രമേ ഇത് സാധിക്കുകയുള്ളു
-ഡോ. ബീന ദിവാകർ,ജനറൽ സെക്രട്ടറി
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള