
തുറവൂർ: ദേശീയപാത 66-ന്റെ അരൂർ–തുറവൂർ ഉയരപ്പാതയുടെ താഴെയുള്ള ഭാഗത്ത് ടാറിംഗ് ആരംഭിച്ചു. തുറവൂർ കവലയിൽ നിന്ന് വടക്കോട്ട് ഏകദേശം 13 കിലോമീറ്റർ ദൂരത്തിലാണ് റോഡ് ടാറിംഗ് പുരോഗമിക്കുന്നത്. കുഴികൾ അടച്ച് അറ്റകുറ്റപ്പണി നടത്തിയാണ് ടാറിംഗ് നടക്കുന്നത്. മേൽപ്പാലത്തിന്റെ മേൽത്തട്ട് പണിയും പെയിന്റിംഗും പൂർത്തിയാക്കിയതിനു പിന്നാലെയാണ് താഴെയുള്ള ഭാഗത്ത് മീഡിയനും കാനയും നിർമ്മിക്കാൻ ആരംഭിച്ചത്. അടുത്ത വർഷാരംഭത്തിൽ ഉയരപാതയും വീതികൂട്ടിയ റോഡുകളും ഉദ്ഘാടനം ചെയ്യാനുള്ള പദ്ധതിയോടെയാണ് നിലവിൽ ടാറിംഗ് പണികൾ വേഗത്തിലാക്കിയത്.