ചാരുംമൂട്:മാവേലിക്കര മണ്ഡലത്തിലെ 9 അങ്കണവാടികൾക്ക് കെട്ടിട നിർമ്മാണത്തിന് സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച 2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എസ്. അരുൺകുമാർ എം.എൽ.എ അറിയിച്ചു. ചുനക്കര അങ്കണവാടി നമ്പർ 32,നൂറനാട് അങ്കണവാടി നമ്പർ 66, വള്ളികുന്നം അങ്കണവാടി നമ്പർ 142, പാലമേൽ അങ്കണവാടി നമ്പർ 91, 81, തെക്കേക്കര അങ്കണവാടിനമ്പർ 47,49 എന്നിവക്ക് 22 ലക്ഷം രൂപ വീതവും പാലമേൽ അങ്കണവാടിടി നമ്പർ 96 ,164 എന്നിവക്ക് 23 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്. ശരാശരി 650 ച. അടി. വീസ്തീർണ്ണതിലാണ് അങ്കണവാടി നിർമ്മിക്കുന്നത്. പഠനമുറി, അടുക്കള, സ്റ്റോർ റൂം, ശിശു സൗഹൃദ ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തി കുട്ടികളുടെ പഠനശേഷി രൂപപ്പെടുത്തുന്ന തരത്തിലാണ് അങ്കണവാടികളുടെ രൂപകല്പന.ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് ആൻഡ് എൻജിനിയറിംഗ് വിങ്ങിനാണ് നിർമ്മാണചുമതല. സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ പൂർത്തീകരിച്ചു. നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.