മാവേലിക്കര: ശബരിമല ഉത്സവം 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തി മാവേലിക്കര നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നവീകരിക്കുന്നതിന് 2.50 കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ചതായി എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. കണ്ടിയൂർ ക്ഷേത്ര ജംഗ്ഷൻ, ആറാട്ടുകടവ്, നഗരസഭ ബസ് സ്റ്റാൻഡ് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് നിലവിലുള്ള പൊതുമരാമത്തു വകുപ്പ് റോഡുകളായ കണ്ടിയൂർ- ആറാട്ടുകടവ് റോഡ്, കണ്ടിയൂർ ബൈപാസ് എന്നീ റോഡുകളും, തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ അധീനതയിലുള്ള റോഡായ കണ്ടിയൂർ തെക്കേ ജങ്ഷൻ മുതൽ ബൈപാസ് വരെയുള്ള റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതാണ് പദ്ധതി. സാങ്കേതിക അനുമതി വേഗത്തിൽ ലഭ്യമാക്കി ടെൻഡർ പൂർത്തീകരിച്ച് നിർമ്മാണം തുടങ്ങാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് നിരത്തു വിഭാഗം മാവേലിക്കര സബ് ഡിവിഷന് നിർദ്ദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.