ചേർത്തല:കണ്ടമംഗലം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ആരാധന കൺവെൻഷൻ സെന്റർ 9ന് ഉദ്ഘാടനം ചെയ്യും.യോഗ നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ക്ഷേത്ര സമിതി നേതൃത്വത്തിൽ സ്വീകരണം നൽകും. 1976ൽ കണ്ടമംഗലം സ്‌കൂളിന്റെ സിൽവർ ജൂബിലി സ്മാരകമായി സ്ഥാപിച്ച ഓഡിറ്റോറിയമാണ് കാലത്തിനനുസരിച്ച് പുനർനിർമ്മിച്ചിരിക്കുന്നത്. രണ്ടരകോടി മുടക്കി എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയാണ് ഓഡിറ്റോറിയം പുനർ നിർമ്മിച്ചിരിക്കുന്നതെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് എ.കെ.അനിൽകുമാർ അഞ്ചംതറ, സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത്, വൈസ് പ്രസിഡന്റ് തിലകൻ കൈലാസം, ഖജാൻജി പി.എ.ബിനു,സ്‌കൂൾ മാനേജർ കെ.പി. ആഘോഷ്‌കുമാർ,കമ്മിറ്റിയംഗം വി.കെ. അശോകൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
9ന് വൈകിട്ട് 4ന് നടക്കുന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ആരാധനാ കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യും. തുടർന്ന് യോഗം ജനറൽ സെക്രട്ടറിക്കു സ്വീകരണം. ഗുരുപ്രസാദം സദ്യാലയം മന്ത്രി പി. പ്രസാദും അന്നപൂർണാ ഹാൾ കെ.സി. വേണുഗോപാൽ എം.പിയും ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സമിതി പ്രസിഡന്റ് അനിൽകുമാർ അഞ്ചംതറ അദ്ധ്യക്ഷനാകും.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ മുഖ്യ പ്രഭാഷണം നടത്തും.1976 കാലത്തെ ദേവസ്വം കമ്മിറ്റി അംഗങ്ങളെ കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എം.ലിജു,മുൻ സിൻഡിക്കേറ്റ് അംഗം മനു സി.പുളിക്കൽ,അഡ്വ.പി.കെ.ബിനോയ് എന്നിവർ ആദരിക്കും.യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ ഉപഹാര സമർപ്പണം നടത്തും. ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 7ന് ജോയി സാക്സ് നയിക്കുന്ന മ്യൂസിക് പാലസ് ഓർക്കസ്ട്രയുടെ സാക്സോഫോൺ വയലിൻ സോളോയും നടക്കും.