ചേർത്തല :കയർ മേഖലയിലെ പ്രതിസന്ധികൾക്കു പരിഹാരം കാണാതെ മേഖലയെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ 10ന് ചേർത്തലയിൽ കയർ സംഗമം നടത്തും. അടുത്തിടെ നടത്തിയ കയർ കോൺക്ലോവിൽ മേഖലയെ സംരക്ഷിക്കാൻ നടത്തിയ മന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഒന്നുപോലും നടപ്പാക്കാതെ സർക്കാർ വാഗ്ദാന ലംഘനമാണ് നടത്തിയതെന്ന് കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ. രാജേന്ദ്രപ്രസാദ്, ജനറൽ സെക്രട്ടറി എം. അനിൽകുമാർ,വൈസ് പ്രസിഡന്റ് കെ.പി.ആഘോഷ് കുമാർ, ജില്ലാ പ്രസിഡന്റ് എം.ജി. സാബു എന്നിവർ ആരോപിച്ചു.
10ന് രാവിലെ 10.30ന് നഗരസഭ ഓഫീസിനു സമീപം നടക്കുന്ന സംഗമം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റ് കെ.പി. ആഘോഷ് കുമാർ പ്രതിഷേധ പ്രമേയം അവതരിപ്പിക്കും.