
ആലപ്പുഴ: നഗരത്തിലെ തത്തംപള്ളി വാർഡിലെ കുരിശടി റോഡ് നോർത്ത് എൻഡ് ജംഗ്ഷൻ മൂലയ്ക്കുള്ള അപകടകരമായ കാനക്കുഴി മൂടണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് പതിനഞ്ച് വർഷത്തെ പഴക്കം. നിരന്തരം പരാതി നൽകിയിട്ടും മൂന്ന് ടേമുകളിലായി മാറിമാറി വന്ന കൗൺസിലുകൾക്ക് ഈ കുഴി മൂടാനായില്ല. കേവലം ഒരു സ്ലാബ് സ്ഥാപിച്ചാൽ തീരാവുന്ന പ്രശ്നമാണ് കഴിഞ്ഞ പതിനഞ്ച് വർഷമായി അധികൃതർ നിസാരമായി തള്ളിക്കളഞ്ഞത്.
വിനോദസഞ്ചാരികളും ഭക്തരും ധാരാളമായി എത്തുന്ന തത്തംപള്ളി പാന്ഥൻ കുരിശടിക്ക് തൊട്ടടുത്താണ് അപകടക്കുഴി. തത്തംപള്ളി, ജില്ലാ കോടതി വാർഡുകളുടെ അതിർത്തി റോഡിലാണ് കാനയുള്ളത്. കാനയോട് ചേർന്നു പോകുന്ന വാഹനങ്ങളോ, കാൽനടക്കാരോ എപ്പോൾ വേണമെങ്കിലും കുഴിയിൽ അകപ്പെടാം. പുൽപ്പടർപ്പിൽ മറഞ്ഞാണ് കുഴി എന്നതിനാൽ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാറുമില്ല.
വീതിയില്ലാത്ത റോഡും തിരക്കേറിയ വളവും തെരുവുവിളക്ക് കത്താത്തതും കാരണം ഈ ഭാഗത്ത് അപകടങ്ങൾ ആവർത്തിക്കുകയാണെന്നും അതുകൊണ്ടാണ് കാനക്കുഴി മൂടണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പരാതികൾ നൽകിയതെന്നും തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടി.ആർ.എ) ഭാരവാഹികൾ പറയുന്നു.
നിസാരമെന്ന് കരുതി അവഗണിക്കുന്ന പ്രശ്നങ്ങളാവും പിന്നീട് വലിയ ദുരന്തങ്ങൾക്ക് വഴിവയ്‌ക്കുന്നത്. പുന്നമടയിലേതടക്കം വിനോദസഞ്ചാരികൾ എത്തുന്ന റോഡിലാണ് ഒരു സ്ലാബിട്ട് മൂടാവുന്ന കുഴി അപകടഭീഷണിയായി നിൽക്കുന്നത്
-തോമസ് മത്തായി, പ്രദേശവാസി