ymca

ആലപ്പുഴ: ജില്ലാക്കോടതി പാലം നിർമ്മാണം ആരംഭിച്ചതോടെ തിങ്ങിഞെരുങ്ങി വൈ.എം.സിഎ- കയർ മെഷീനറി ഫാക്ടറി റോഡ്. ഒരു ഓട്ടോറിക്ഷക്ക് മാത്രം കടന്നുപോകാൻ വീതിയുള്ള റോഡിലൂടെ ഇപ്പോൾ ഒരേസമയം കടന്നുപോകുന്നത് പത്തും ഇരുപതും വാഹനങ്ങളാണ്. ഇതിനിടയിലൂടെയുള്ള കാൽനടയാത്ര അപകടകരവുമാണ്.

എസ്.ഡി.വി സ്കൂളുകൾ, ഗവ.എസ്.ഡി.വി ജെ.ബി സ്കൂൾ, വക്കീൽ ഓഫീസുകൾ, കയർ മെഷീനറി ഫാക്ടറി, താലൂക്ക് ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഈ ഭാഗത്തുണ്ട്. ഇവിടേക്ക് പോകേണ്ടവരും ഉപയോഗിക്കേണ്ടത് ഈ റോഡാണ്. മുല്ലക്കൽ ചിറപ്പും ക്രിസ്മസും വരുമ്പോൾ സ്ഥിതി ഇനിയും മോശമാകും. മുല്ലക്കലിൽ നിന്ന് കിടങ്ങാംപറമ്പിലേക്ക് ആളുകൾ കടന്നുപോകുന്നതും ഈ റോഡിലൂടെ ആയിരിക്കും.

കുരുക്കും വഴക്കും പതിവ്

1. വലിയ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും അപകടകരമായി കടന്നുവരുന്നതു മൂലം കുരുക്കും ഡ്രൈവർമാർ തമ്മിൽ വഴക്കും പതിവാണ്

2. സ്കൂൾ തുടങ്ങമ്പോഴും വിടുമ്പോഴും വിദ്യാർത്ഥികളുമായുള്ള ഓട്ടോറിക്ഷകളുടെ നീണ്ട നിരയാണിവിടെ കാണാനാവുക

3. പൊലീസ് ഉദ്യോഗസ്ഥൻ ഇവിടെ ഡ്യൂട്ടിയിലുണ്ടെങ്കിലും വാഹനങ്ങളെ നിയന്ത്രിക്കാനാവില്ല

4. കാൽനടയാത്രക്കാ‌ർ ശ്രദ്ധിച്ചില്ലെങ്കിൽ കാലിലൂടെ വാഹനങ്ങളുടെ ടയറുകൾ കയറിയിറങ്ങും

റോഡിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് ഗതാഗതം സുഗമമാക്കണം. അല്ലാത്തപക്ഷം അപകടങ്ങൾ തുടർക്കഥയാകും

-പി. സജീവ്,പ്രസിഡന്റ്,സനാതനം റസിഡന്റ്സ് അസോസിയേഷൻ