ആലപ്പുഴ: 50 ദിവസം നീണ്ടുനിൽക്കുന്ന ആലപ്പുഴ നിയമസഭാ മണ്ഡലം വികസനാരവം കർമ്മ പരിപാടിക്ക് ഡിസംബർ 24ന് തുടക്കമാകുമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. മണ്ഡലത്തിന്റെ സമഗ്ര വികസന മുന്നേറ്റം ലക്ഷ്യമാക്കിയാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. നാലരക്കൊല്ലം കൊണ്ട് പൂർത്തിയാക്കിയ പദ്ധതികൾ സമർപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു.
101കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ചെട്ടികാട് താലൂക്കാശുപത്രി, 2.66 കോടി ചെലവഴിച്ച് ആര്യാട് പി.എച്ച് സി, മണ്ണഞ്ചേരി പി.എച്ച്.സി, വളവനാട് പി.എച്ച്.സി എന്നിവയുടെ നിർമ്മാണം നടന്നുവരികയാണ്.
നെഹ്രു ട്രോഫി പി.എച്ച്.സിക്ക് ബഡ്ജറ്റിൽ രണ്ടുകോടി രൂപ അനുവദിച്ചു. ചെട്ടികാട് ആശുപത്രി ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യും.
മണ്ഡലത്തിലെ കളിക്കളങ്ങൾക്കായി എട്ടുകോടി രൂപ അനുവദിച്ചു. എസ്.ഡി.വി സ്കൂളിലെ ഗ്രൗണ്ടിന് ഒരു കോടി രൂപ അനുവദിച്ച് നിർമ്മാണം അവസാനഘട്ടത്തിലാണ്. മാരാരിക്കുളം സെന്റ് അഗസ്റ്റിൽ, കാട്ടൂർ ഹോളിഫാമിലി, കാണിച്ചുകുളങ്ങര,ആലപ്പുഴ ലിയോതർട്ടീന്ത് സ്കൂളകളിൽ കളിക്കളങ്ങൾക്കായി ഒരു കോടി രൂപ വീതം അനുവദിച്ചു.
കുടിവെള്ള പദ്ധതികൾക്കായി 299.31 കോടി രൂപ അനുവദിച്ചു. ചാത്തനാട്, വഴിച്ചേരി, തത്തംപള്ളി, വടികാട്, കൊമ്മാടി, കാട്ടൂർ ജലസംഭരണികൾ പൂർത്തിയാക്കി. കടൽ ഭിത്തി നിർമ്മാണത്തിന് 151 കോടിയും ചെത്തി ഫിഷിംഗ് ഹാർബറിന് 160 കോടിയും മത്സ്യ മാർക്കറ്റിന് 2. 84 കോടി രൂപയും അനുവദിച്ചു.
# ടൂറിസത്തിന് 198 കോടി
മണ്ഡലത്തിൽ ടൂറിസം മേഖലയ്ക്ക് 198 കോടി രൂപ അനുവദിച്ചു. കനാൽ നവീകരണത്തിന് 96 കോടി, ചെത്തി ബീച്ച് ടൂറിസം പദ്ധതി 21കോടി, ആലപ്പുഴ ഹെരിറ്റേജ് പ്രോജക്ട് 79 കോടി, ടൂറിസം രംഗത്ത് കൾച്ചറൽ സെന്റർ ടൗൺ സ്ക്വയർ മൂന്നുകോടി, ശവക്കോട്ട പാലം വഴിയോരവിശ്രമ കേന്ദ്രം, ഹാപ്പിനസ് പാർക്ക് 2കോടി, കൊമ്മാടി-മട്ടാഞ്ചേരി പാലം ടൂറിസം പ്രോജക്ട് 1.5 കോടി, മാരാരി ടൂറിസം പ്രോജക്ട് 5 കോടി, നെഹ്രു ട്രോഫി പവിലിയന് 9 കോടിയും അനുവദിച്ചു.