
ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ പഠിച്ച ആലപ്പുഴയിലെ പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകും. ഇതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. സ്കൂളിന് വി.എസിന്റെ പേര് നൽകണമെന്നാവശ്യപ്പെട്ട് മുൻമന്ത്രി ജി.സുധാകരൻ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. പേര് നൽകുന്നതിനുള്ള നടപടികൾക്ക് തുടക്കമായ വിവരം മന്ത്രി ശിവൻകുട്ടി ഇന്നലെ ജി.സുധാകരനെ കത്തിലൂടെ അറിയിച്ചു. നടപടികൾ കൈക്കൊണ്ട വിദ്യാഭ്യാസ മന്ത്രിയെയും വിദ്യാഭ്യാസ സെക്രട്ടറിയെയും ഡയറക്ടറെയും ജി.സുധാകരൻ അഭിനന്ദിച്ചു.
വി.എസിന്റെ വീടിന് സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ റോഡിന് ഇരുവശത്തായാണുള്ളത്. രണ്ട് കെട്ടിടങ്ങൾക്കും വി.എസിന്റെ പേര് നൽകുന്നത് ഉചിതമായിരിക്കുമെന്ന് കാണിച്ച് ജൂലായ് 27 നാണ് ജി.സുധാകരൻ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകിയത്.