
കായംകുളം : കിഫ്ബിയിൽ നിന്ന് ഫണ്ട് ലഭ്യമായില്ലെങ്കിലും കെ.യു.ആർ.ഡി.എഫ്.സി (കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ) വായ്‌പയിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർത്ഥ്യമാക്കാൻ കായംകുളം നഗരസഭ കൗൺസിൽ തീരുമാനം. 2.8 കോടി രൂപ നിർമ്മാണത്തിന് വേണ്ടിവരും.മുഴുവൻ തുകയും വായ്പയായി ലഭിക്കും.
വിറകുകൊണ്ട് ശവസംസ്കാരം നടത്തുന്ന തരത്തിലുള്ളതായിരുന്നു കായംകുളം നഗരസഭയുടെ ശ്മശാനം. ഇത് ആധുനികരീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയം ആക്കണമെന്ന് നഗരസഭ കൗൺസിൽ തീരുമാനിക്കുകയും വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കി കിഫ്‌ബിയിൽ നിന്ന് ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇവിടെ നിന്ന് ഫണ്ട് ലഭിക്കാത്തതിനെത്തുടർന്നാണ് കെ.യു.ആർ.ഡി.എഫ്.സിയെ സമീപിച്ചത്.
താമസക്കാരുടെ എണ്ണം കൂടിയതിനാൽ നഗരത്തിൽ ശ്മശാനത്തിന്റെ ഉപയോഗവും കൂടിവരികയാണ്. തൊട്ടടുത്ത പഞ്ചായത്തുകളിൽ നിന്നുള്ളവരെയും നിലവിൽ നഗരസഭ ശ്മശാനത്തിൽ തന്നെയാണ് സംസ്കരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആധുനിക ഗ്യാസ് ക്രിമിറ്റോറിയം നിർമ്മിക്കുന്നതിന് ആവശ്യമായ തുക കെ.യു.ആർ.ഡി.എഫ്.സിയിൽ നിന്നും ലോണെടുത്ത് നിർമ്മിക്കാൻ കൗൺസിൽ തീരുമാനിച്ചത്.
പഴയ കെട്ടിടം അതുപോലെ നി നിർത്തി ഗ്യാസ് ഉപയോഗിക്കാവുന്ന രണ്ട് ഫർണ്ണസുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി
നഗരസഭ 35 ാം വാർഡിലാണ് ശമ്ശാനം പ്രവർത്തിക്കുന്നത്. ഇവിടെ 50 സെന്റോളം വസ്തുവുണ്ട്
ഇതിനോട് ചേർന്ന് നേരത്തെ ചില സമുദായ സംഘടനകൾക്ക് ശ്മശാനം ഉണ്ടായിരുന്നു. നഗരസഭ ശ്മശാനം വന്നതിന് ശേഷം ഇത് ഉപയോഗിക്കുന്നില്ല
കായംകുളത്തെ പൊതു ശ്മശാനം അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇല്ലാതെ കാടുകയറി കിടക്കുകയായിരുന്നു.
ശ്മശാനത്തോട് ചേർന്ന് ഇരിപ്പിടങ്ങൾ ഒരുക്കാനും പൂന്തോട്ടം നിർമ്മിക്കാനും പദ്ധതിയുണ്ട്
- നഗരസഭാധികൃതർ