ആലപ്പുഴ : പുന്നമടയിലേക്ക് വിനോദസഞ്ചാരികളുമായി എത്തിയ ടാക്‌സി ഡ്രൈവറെ കൈയേറ്റം ചെയ്ത സംഭവത്തിൽ രണ്ടുപേർക്കെതിരേ കേസെടുത്തു. ആലപ്പുഴ സ്വദേശികളായ അമൽ, ബിജിൻ എന്നിവർക്കെതിരെയാണ് നോർത്ത് പൊലീസ് കേസെടുത്തത്. കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് വടക്കേക്കരയിലായിരുന്നു സംഭവം. ടാക്‌സി ഡ്രൈവറായ തൃശൂർ സ്വദേശി അരുൺ സഞ്ചാരികളുമായി ആലപ്പുഴയിലേക്ക് എത്തിയപ്പോൾ വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട് യുവാക്കൾ അരുണിനെ കയേറ്റം ചെയ്യുകയായിരുന്നുവെന്ന് നോർത്ത് പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.