muneer

ആലപ്പുഴ : വിദേശത്തു നിന്നെത്തുന്ന സുഹൃത്തിനെ കൂട്ടാൻ സന്തോഷത്തോടെ പുറപ്പെട്ട നാലംഗസംഘത്തിലെ രണ്ട് പേരുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. എറണാകുളം ഇടപ്പള്ളിയിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിലാണ് ആലപ്പുഴ അവലൂക്കുന്ന് വാർഡ് എം.എം മൻസിലിൽ പരേതനായ നസീറിന്റെയും റംലത്തിന്റെയും മകൻ മുനീർ നസീർ (22), സ്റ്റേഡിയം വാർഡ് തപാൽ പറമ്പിൽ ഷാജിയുടെയും പരേതയായ സുനിയുടെയും മകൻ ഹാറൂൺ ഷാജി (അച്ചു- 24) എന്നിവർ മരിച്ചത്. ഇവർ സഞ്ചരിച്ച കാർ മെട്രോയുടെ പില്ലറിലിടിക്കുകയായിരുന്നു.

ഇവർക്കൊപ്പം കാറിലുണ്ടായിരുന്നആലപ്പുഴ വലിയമരം ഇലയിൽ വീട്ടിൽ യാക്കൂബ് ഹാരിസ് (20), വലിയമരം കൊച്ചുകണ്ടത്തിൽ വീട്ടിൽ ആദിൽ സിയാദ് (20) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

ഇന്നലെ രാവിലെ ആറുമണിക്ക് ജോലിസ്ഥലമായ ഒമാനിൽ നിന്ന് നെടുമ്പാശേരി വിമാനത്തിലെത്തുമായിരുന്ന സുഹൃത്ത് അബ്ദുള്ള സുബൈറിനെ കൂട്ടാനായാണ് ഇവർ പുലർച്ചെ യാത്രതിരിച്ചത്.

ഹാറൂണിന്റെ പിതാവ് ഷാജി പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലാണ്. അമ്മ സുനി ക്യാൻസ‌ർ ബാധിച്ചാണ് മരിച്ചത്. മുത്തച്ഛൻ മരിച്ച ശേഷമുള്ള 40-ാം ദിവസത്തെ ചടങ്ങ് നാളെ നടക്കാനിരിക്കുകയായിരുന്നു. വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു ഹാറൂൺ. സഹോദരൻ :ഹഫീസ്. മുനീർ നാട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. മൻസൂറാണ് സഹോദരൻ.

ഫോണിൽ വിളിച്ചു, കേട്ടത് അപകടവാർത്ത

അബ്ദുള്ളയെ കൂട്ടാൻ ബന്ധുക്കളും മറ്റൊരു കാറിൽ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവർ അബ്ദുള്ളയെ കൂട്ടിയിട്ടും സുഹൃദ് സംഘം എത്താതിരുന്നതിനെത്തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസാണ് ഫോൺ എടുത്തത്. സുഹത്തുക്കൾ അപകടത്തിൽപ്പെട്ട വിവരം അബ്ദുള്ള അറിഞ്ഞതങ്ങനെയാണ്. ഒരു പരീക്ഷ എഴുതുന്നതിനായാണ് അബ്ദുള്ള നാട്ടിലെത്തിയത്. അബ്ദുള്ള നാട്ടിലെത്തുമ്പോഴൊക്കെ വിമാനത്താളവത്തിൽ നിന്ന് കൂട്ടാൻ സുഹൃത്തുക്കൾ നാലുപേരും പോകുന്നത് പതിവായിരുന്നു. വർഷങ്ങളായുള്ള സൗഹൃദമായിരുന്നു ഇവരെല്ലാം തമ്മിൽ