ആലപ്പുഴ: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇരട്ടത്താപ്പ് തുടരുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. മില്ലുടമകളുമായി മുൻകൂർ ധാരണ ഉണ്ടാക്കാതെയും കൊയ്ത്തിനുശേഷം കർഷകർക്ക് കനത്ത നഷ്ടം വരുത്തിവയ്ക്കുന്ന തരത്തിൽ സർക്കാർ നീക്കങ്ങൾ നടത്തുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരുമായുള്ള ധാരണ പ്രകാരം നെല്ല് സംഭരണത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും സംസ്ഥാന സർക്കാരിന്റെ ഏജൻസിയായ സപ്ലൈക്കോയ്ക്കാണ്. കൃഷിവകുപ്പും പൊതുവിതരണ വകുപ്പും ഈ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കേണ്ടവരാണ്. എന്നാൽ യഥാസമയം സംഭരണം നടത്താത്തതിന്റെയും കർഷകരുടെ നഷ്ടത്തിന്റെയും പൂർണ്ണ ഉത്തരവാദിത്തം ഈ വകുപ്പുകൾക്കാണ്. സംസ്ഥാന സർക്കാർ തന്നെ നെല്ല് സംഭരണം നടത്തേണ്ടതാണെന്നിരിക്കെ, കൃഷിമന്ത്രിയും പൊതുവിതരണ മന്ത്രിയും ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ വഴി സംഭരിക്കാൻ ശ്രമം നടത്തുമെന്ന് പറയുന്നത് കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്പാദന ചെലവ് ഉയരുമ്പോൾ കർഷകർക്ക് ന്യായമായ വില ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്നും കർഷകരുടെ നഷ്ടം നികത്താനും നീതിയുറപ്പിക്കാനും നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.