
ബീഹാറിൽ, ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം മുതലെടുക്കാനുള്ള തിരഞ്ഞെടുപ്പിൽ സീറ്റ് ചർച്ചകളിൽ കോൺഗ്രസ് മര്യാദ കാണിച്ചില്ലെന്ന് സി.പി.എം മുൻ പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. എങ്കിലും ബീഹാറിൽ കാര്യങ്ങൾ മഹാസഖ്യത്തിന് അനുകൂലമാണെന്നും, മത്സരിക്കുന്ന നാലു സീറ്റുകളിലും സി.പി.എം ജയിക്കുമെന്നും വൃന്ദ പറഞ്ഞു. ബീഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വൃന്ദ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും 'കേരളകൗമുദി"യോട് വിശദീകരിക്കുന്നു.
? നീണ്ട സീറ്റ് ചർച്ചകൾക്കൊടുവിൽ സഖ്യകക്ഷികൾ തമ്മിൽ സൗഹൃദ മത്സരമാണല്ലോ.
മഹാസഖ്യത്തിലെ ഘടകക്ഷികൾ തമ്മിൽ സൗഹൃദ മത്സരം നടക്കുന്നത് ദൗർഭാഗ്യകരമാണ്. ബീഹാറിലെ ജനങ്ങൾ മഹാസഖ്യത്തിന് വോട്ടു ചെയ്യാൻ തയ്യാറാണ്. സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കാണ് വോട്ട് ലഭിക്കുക. കഴിഞ്ഞതവണ നേരിയ മാർജിനിൽ നഷ്ടമായ ബെഗുസരായിയിലെ മതിഹാനി സീറ്റ് ഇക്കുറി ആർ.ജെ.ഡിക്ക് വിട്ടുകൊടുത്തു. ബച്ച്വാരയിൽ ഔദ്യോഗിക സ്ഥാനാർത്ഥി സി.പി.ഐയുടേതാണ്. എന്നിട്ടും അവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിറുത്തി. കോൺഗ്രസിന്റെ പ്രവൃത്തി നീതികരിക്കാനാകില്ല. സീറ്റ് പങ്കിടലിന്റെ തത്വമാണ് അവർ ലംഘിച്ചത്.
ബീഹാറിലെ പ്രധാന കക്ഷി ആർ.ജെ.ഡിയാണ്. സീറ്റ് പങ്കിടലിൽ അവർക്കാണ് സ്വാഭാവികമായും മുൻതൂക്കം ലഭിക്കുക. അടിത്തട്ടിൽ ഇടതുപാർട്ടികൾ സംഘടനാതലത്തിൽ ശക്തമാണ്. അതു പരിഗണിച്ചാണ് ബച്ച്വാര സീറ്റ് സി.പി.ഐയ്ക്ക് നൽകാൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന തൊഴിൽ വിഷയം ഏറ്റെടുത്താണ് ആർ.ജെ.ഡിയും ഇടതു പാർട്ടികളും മത്സരരംഗത്തുള്ളത്.
? ബീഹാറിലെ നാലു സീറ്റുകളിലെ പ്രതീക്ഷ...
സിറ്റിംഗ് സീറ്റുകളായ വിഭൂതിപൂരും മാഞ്ചിയും നിലനിറുത്തും. കഴിഞ്ഞ തവണ നേരിയ മാർജിനിൽ തോറ്റ പിപ്രയിൽ സി.പി.എം മികച്ച പ്രകടനം കാഴ്ചവയ്ക്കും. ദർബംഗയിലെ ഹയാഗത് മണ്ഡലത്തിൽ എൻ.ഡി.എയെ ഞെട്ടിക്കുന്ന പ്രകടനമായിരിക്കും. ബഹാദൂർ പൂർ, ഹയാഗത് മേഖലകളിൽ ഭൂസമരങ്ങളിലൂടെ പാർട്ടി സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ നിരവധി രക്ഷസാക്ഷികളുമുണ്ട്. ബീഹാറിലുടനീളം ഈ വിധം വൻ ഭൂസമരങ്ങളും ത്യാഗങ്ങളും നടത്തിയ ചരിത്രമാണ് പാർട്ടിക്കുള്ളത്. പാർട്ടി സ്വാധീനത്തിനു പുറമെ മഹാസഖ്യ കക്ഷികളുമായി നാലു മണ്ഡലങ്ങളിലും വിമത ശല്യമില്ലാതെ മികച്ച ധാരണയുള്ളത് നേട്ടമാണ്.
? ബീഹാർ മഹാസഖ്യത്തിലെ തർക്കങ്ങൾ ഇന്ത്യാ മുന്നണിയിലേക്കും വ്യാപിക്കുമെന്ന് പറയുന്നുണ്ടല്ലോ.
രാജ്യവ്യാപകമായി രാഷ്ട്രീയ സഖ്യങ്ങളിൽ പ്രാദേശിക തലത്തിൽ വ്യതിയാനങ്ങളുണ്ടാകാം. പ്രാദേശിക പാർട്ടികൾക്ക് നിർണായക പങ്കു വഹിക്കാനുണ്ടെന്നാണ് സി.പി.എം കരുതുന്നത്. പക്ഷേ ബി.ജെ.പിയെ നോക്കൂ. പ്രാദേശിക പാർട്ടികൾക്ക് കൈകൊടുത്ത ശേഷം അതു തകർക്കുന്നതാണ് രീതി. മഹാരാഷ്ട്രയിൽ ശിവസേനയുടെ ഷിൻഡെ, ഉത്തർപ്രദേശിൽ മായാവതി, പഞ്ചാബിൽ അകാലിദൾ... ബീഹാറിൽ നിതീഷിന്റെ പാർട്ടിക്കും അതേ ഗതിയാകും.
മഹാരാഷ്ട്രയിൽ ഷിൻഡെയുടെ അനുഭവംവച്ച് എല്ലാ പ്രാദേശിക പാർട്ടികളും- പ്രത്യേകിച്ച് ബീഹാറിൽ നിതീഷ് കുമാർ ബി.ജെ.പിയുടെ തന്ത്രങ്ങൾ മനസിലാക്കണം. നിതീഷ് തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക മാത്രമേയുള്ളുവെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും അത് ഉറപ്പിച്ചു. ഇതാണ് ബി.ജെ.പി സമീപനം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതി ബീഹാറിലും കാണാം.
? പശ്ചിമ ബംഗാളിൽ 'ഇന്ത്യ" മുന്നണിയിലെ സി.പി.എമ്മും തൃണമൂലും കോൺഗ്രസും ബി.ജെ.പിക്ക് അവസരമൊരുക്കുകയല്ലേ.
പശ്ചിമ ബംഗാളിലെ സാഹചര്യം വ്യത്യസ്തമാണ്. ബീഹാറിൽ ബി.ജെ.പിക്കെതിരെ ആർ.ജെ.ഡിയുടേത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. എന്നാൽ അവിടെ തൃണമൂൽ ബി.ജെ.പിക്കുവേണ്ടി വിട്ടുവീഴ്ച ചെയ്തു. മമതാ ബാനർജിയാണ് ബി.ജെ.പിക്ക് നടന്നു കയറാനുള്ള റോഡ് വെട്ടിത്തെളിച്ചത്. അതാണ് യഥാർത്ഥ്യം.
? പശ്ചിമ ബംഗാളിലെ കോൺഗ്രസുമായുള്ള സഹകരണം തുടരുമോ.
അത് ഞങ്ങൾക്ക് പറയാനാകില്ല. കോൺഗ്രസ് എപ്പോൾ, എന്ത്, എങ്ങനെ ചെയ്യുമെന്ന് ആർക്കും പ്രവചിക്കാനാകില്ല.
? കേരളത്തിൽ പി.എം ശ്രീയുമായി ബന്ധപ്പെട്ട മുന്നണിയിലെ തർക്കം പരിഹരിച്ചെങ്കിലും കരാർ റദ്ദാക്കുന്നതിനെതിരെ ബി.ജെ.പി ശക്തമായി രംഗത്തുണ്ട്.
മറ്റിടങ്ങളിലേതു പോലെയല്ല എൽ.ഡി.എഫിലെ കാര്യങ്ങൾ. ഒരുപങ്കാളി ചില ആശങ്കകൾ ഉന്നയിക്കുമ്പോൾ സഖ്യത്തിന് നേതൃത്വം നൽകുന്ന പാർട്ടിയെന്ന നിലയിൽ ചർച്ച ചെയ്യാൻ സി.പി.എം തയ്യാറായി. മുഴുവൻ കാര്യങ്ങളും ഞങ്ങൾ അവലോകനം ചെയ്യും. മുന്നണിയിലെ സഖ്യകക്ഷികളോടുള്ള കോൺഗ്രസിന്റെ സമീപനം പോലെയല്ല അത്. സഖ്യകക്ഷികളുടെ അഭിപ്രായങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്തായാലും പി.എം.ശ്രീ പദ്ധതി 2027 വരെയുണ്ട്. അപ്പോഴത്തെ സാഹചര്യം എന്താണെന്നു നോക്കാം.
? തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ ശബരിമല വിഷയമടക്കം പാർട്ടിക്ക് പ്രതിസന്ധിയല്ലേ.
ഊഹാപോഹങ്ങൾ വേണ്ട. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടമുണ്ട്. കർണാടകയിലെ ഒരു കോൺഗ്രസുകാരന് എവിടെ നിന്നോ കുറച്ചു സ്വർണം ലഭിച്ചിട്ടുണ്ടല്ലോ. അന്വേഷണം നടക്കട്ടെ. സർക്കാർ അന്വേഷണത്തിൽ കണ്ടെത്തുന്നത് പ്രകാരം നടപടിയെടുക്കും. അക്കാര്യത്തിൽ സംശയം വേണ്ട. പക്ഷേ ഇതിന്റെ പേരിൽ സർക്കാർ ശബരിമലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ കാണാതെ പോകരുത്.
ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന സ്ഥലമാണ്. അവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലുള്ള സൗകര്യങ്ങൾ വേണം. കുംഭമേളയിലും അയോദ്ധ്യയിലും വിശ്വാസികൾ ബുദ്ധിമുട്ടിയതുപോലെ ആകരുത്. കേന്ദ്ര സർക്കാരും യു.പി സർക്കാരും ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചിട്ടും റോഡുകൾ വെള്ളത്തിനടിയിലായി, അഴുക്കുചാലുകൾ അടഞ്ഞുകിടന്നു. ഇത്രയധികം ആളുകൾ വരുന്ന ഏത് കേന്ദ്രമായാലും സ്വാഭാവികമായും, സർക്കാരിന് ഉത്തരവാദിത്വമുണ്ട്.
? ക്ഷേമ പദ്ധതികൾ നേട്ടമാകുമോ.
കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ലജ്ജാകരമായ വിവേചനം മറികടന്ന് പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ വലിയ നേട്ടങ്ങളാണ് ഉണ്ടാക്കിയത്. ഞങ്ങൾ ഒരിക്കലും നയങ്ങളിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. എൽ.ഡി.എഫിന്റെ പ്രത്യയ ശാസ്ത്രങ്ങളിലും വിട്ടുവീഴ്ച ചെയ്തില്ല. രാജ്യത്തെ ഏറ്റവും മികച്ച സാമൂഹിക ക്ഷേമ പദ്ധതികൾ ലഭ്യമാക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇതു ചെയ്ത വേറെ ഏതു സർക്കാരുണ്ട്? ആയിരക്കണക്കിന് സ്ത്രീകളാണ് സർക്കാരിനെ അഭിനന്ദിച്ചത്. 2025-ലെ കേരളാ മോഡൽ ലോക മാതൃകയാണ്. ഇനി കേരളത്തിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്.