p

ന്യൂഡൽഹി: മനഃപൂർവ്വമല്ല, ക്ഷമിക്കണം. വിവരം ശേഖരിക്കാൻ കാലതാമസമുണ്ടായി... തെരുവനായ നിയന്ത്രണ നടപടി വിശദീകരിക്കാത്തതിന് സുപ്രീംകോടതി വടിയെടുത്തതോടെ ഇന്നലെ കേരളം ക്ഷമാപണത്തോടെ സത്യവാങ്മൂലം സമർപ്പിച്ചു. ചീഫ് സെക്രട്ടറി നാളെ നേരിട്ടു ഹാജരാകാൻ ഉത്തരവിട്ടിരിക്കേയാണ് തിടുക്കപ്പെട്ട നീക്കം.

തെരുവുനായ ആക്രമണം ഭീതിപ്പെടുത്തുന്ന അവസ്ഥയിൽ, എ.ബി.സി ചട്ടങ്ങൾ എത്രത്തോളം കാര്യക്ഷമമെന്ന് അറിയാൻ കഴിഞ്ഞ ആഗസ്റ്റ് 22നാണ് കോടതി സംസ്ഥാനങ്ങളോട് സത്യവാങ്മൂലം ആവശ്യപ്പെട്ടത്. ഒക്ടോബർ 27ന് കേസ് പരിഗണിച്ചപ്പോൾ കേരളമടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളും സത്യവാങ്മൂലം സമർപ്പിച്ചില്ല. ഇതിൽ ക്ഷുഭിതരായി, ചീഫ് സെക്രട്ടറിമാർ നാളെ ഹാജരാകാൻ കോടതി ഉത്തരവിടുകയായിരുന്നു.

തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് സത്യവാങ്മൂലം ഫയൽ ചെയ്‌തത്. നാളെ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിന് പകരം ടിങ്കു ബിസ്വാൾ ഹാജരായേക്കും.

എ.ബി.സി ചട്ടങ്ങൾ നടപ്പാക്കുന്നത് തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായാണ്. വന്ധ്യംകരണം, വാക്‌സിനേഷൻ, പേവിഷ പ്രതിരോധം എന്നിവയുടെ വിവരങ്ങൾ ഏകോപനത്തോടെ ശേഖരിക്കാൻ വൈകിയതാണ് കാരണമെന്ന് വിശദീകരിച്ചു.

140 പഞ്ചായത്തിൽ മാത്രം

76,242 തെരുവുനായ!

 140 പഞ്ചായത്തുകളിൽ 76,242 തെരുവുനായ്ക്കളുണ്ടെന്ന് സർവേയിൽ കണ്ടെത്തിയെന്ന് സത്യവാങ്മൂലം

 നെടുമങ്ങാട് പോർട്ടബിൾ എ.ബി.സി സെന്റർ തുറന്നു. ഒരു വർഷത്തിനകം ഏഴു ജില്ലകളിൽ കൂടി

 പേവിഷമുക്ത കേരളം ലക്ഷ്യമിട്ട് തിരുവനന്തപുരത്ത് കൂട്ട വാക്‌സിനേഷൻ നടത്തി. കൊല്ലത്തേക്കും കോട്ടയത്തേക്കും നീട്ടി

 2025-26ൽ എ.ബി.സി, ആന്റി റാബീസ് പദ്ധതിക്കായി തദ്ദേശസ്ഥാപന വിഹിതം 14.52 കോടി. എ.ബി.സി സെന്ററിനോട് ജനം സഹകരിക്കുന്നില്ല

ഭക്ഷണ, മാംസാവശിഷ്‌ടങ്ങൾ പൊതുസ്ഥലത്ത് വലിച്ചെറിയുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നു. ഇതിനായി നിയമ ഭേദഗതി കൊണ്ടുവന്നു

 2024 സെപ്‌തംബർ 1 മുതൽ 2025 ആഗസ്റ്റ് 31 വരെ 1,51,610 തെരുവുനായ്‌ക്കൾക്ക് വാക്‌സിൻ നൽകി. 15825 നായ്ക്കളെ വന്ധ്യംകരിച്ചു

എ.ബി.സി സെന്റർ

19

എ.ബി.സി വാനുകൾ

12

സർജൻമാർ

38

പട്ടിപിടിത്തക്കാർ

595