f

ഛത്തീസ്ഗഡിന്റെ 25-ാം സ്ഥാപകദിനത്തിൽ 14,260 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യം മാവോയിസ്റ്റ് ഭീകരതയിൽ നിന്ന് മുക്തമാകുന്ന ദിവസം അകലെയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 11 വർഷം മുമ്പ് മാവോയിസ്റ്റ് ബാധിതമായ 125 ജില്ലകളുണ്ടായിരുന്നു. എന്നാൽ ഇന്നത് മൂന്ന് ജില്ലകളായി കുറഞ്ഞു. മാവോയിസ്റ്റുകൾ ആയുധം ഉപേക്ഷിക്കുകയാണ്.. ഛത്തീസ്ഗഡ് സംസ്ഥാന രൂപീകരണത്തിന്റെ 25-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി.
ഛത്തീസ്ഗഡിനായി 14,260 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. റോഡ്, ആരോഗ്യം, വ്യവസായം, ഊർജം തുടങ്ങിയ മേഖലകളിലായാണ് പദ്ധതികൾ.

ഛത്തീസ്ഗഡിലെ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ,മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. 2000ൽ മദ്ധ്യപ്രദേശ് വിഭജിച്ച് ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ റായ്പൂരിലെ ഒരു സ്വകാര്യ സ്‌കൂളിലായിരുന്നു ആദ്യ നിയമസഭ പ്രവർത്തിച്ചത്. നവ റായ്പൂരിലെ 51 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് പുതിയ പരിസ്ഥിതി സൗഹൃദ നിയമസഭാ കെട്ടിടം. 324 കോടി കോടി ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്.നവ റായ്പൂരിലെ അടൽ നഗറിൽ രക്തസാക്ഷി വീർ നാരായൺ സിംഗ് സ്മാരകവും ഗോത്രവർഗ പോരാളികളുടെ മ്യൂസിയവും ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നിർമ്മിച്ച 3.5 ലക്ഷം വീടുകളുടെ ഗൃഹ പ്രവേശന ചടങ്ങിലും മോദി പങ്കെടുത്തു.
ലോക സമാധാനമെന്ന ആശയം ഇന്ത്യയുടെ അടിസ്ഥാന ചിന്താഗതിയാണെന്ന് ബ്രഹ്‌മ കുമാരീസ് 'ശാന്തി ശിഖർ' ധ്യാനകേന്ദ്രം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ആഗോള പ്രതിസന്ധികളിൽ എപ്പോഴും ആദ്യ ചുവടുവയ്പ്പ് നടത്തുന്ന രാജ്യം ഇന്ത്യയാണ്. ഇന്ന് ലോകത്ത് എവിടെ ദുരന്തമോ പ്രതിസന്ധിയോ ഉണ്ടായാലും ഇന്ത്യയാണ് അവരുടെ വിശ്വസ്ത പങ്കാളിയായി മുന്നോട്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.