s

രാപ്പകലില്ലാതെ കുടുംബത്തെ മറന്ന് ബീഹാറിലെ ജനങ്ങൾക്കു വേണ്ടിയാണ് താൻ പ്രവർത്തിച്ചതെന്നും വികസന പ്രവർത്തനങ്ങൾ തുടരാൻ ഒരു അവസരം കൂടി നൽകണമെന്നും അഭ്യർത്ഥിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. മൂന്നു മിനിട്ട് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് വോട്ടർമാരോടുള്ള നിതീഷിന്റെ അഭ്യർത്ഥന. വീണ്ടും അവസരം നൽകണമെന്ന് അഭ്യർത്ഥിച്ചെങ്കിലും അതിൽ സ്വന്തം പേരു ചേർക്കാൻ അദ്ദേഹം ശ്രമിച്ചില്ലെന്നതും വ്യക്തം.

സന്ദേശത്തിൽ നിന്ന്: 2005 മുതൽ ബീഹാറികളെ സേവിക്കാൻ അവസരം ലഭിച്ചു. ആ സമയത്ത്,ഒരു ബീഹാറിയായിരിക്കുക എന്നത് അപമാനകരമായ ഒരു കാര്യമായിരുന്നു. അതിനുശേഷം, സത്യസന്ധതയോടെ കഠിനാദ്ധ്വാനം ചെയ്‌ത് നിങ്ങളെ രാപ്പകൽ സേവിച്ചു. എൻ.ഡി.എ സർക്കാർ വിദ്യാഭ്യാസം,ആരോഗ്യം,റോഡുകൾ,വൈദ്യുതി,കുടിവെള്ളം,കൃഷി,യുവാക്കൾക്കുള്ള അവസരങ്ങൾ എന്നിവ മെച്ചപ്പെടുത്തി.

മുൻ സർക്കാർ സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്‌തില്ല. ഇപ്പോഴത്തെ സർക്കാർ സ്ത്രീകളെ ശക്തരാക്കി. അവർക്ക് ആരെയും ആശ്രയിക്കേണ്ടതില്ല. കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടി എല്ലാ ജോലികളും ചെയ്യാൻ കഴിയും. തുടക്കം മുതൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനം സർക്കാർ ഉറപ്പാക്കിയിരുന്നു.

ഹിന്ദു, മുസ്ലിം,സവർണ ജാതി,പിന്നാക്കക്കാർ,ദളിതർ,മഹാദളിതർ തുടങ്ങി എല്ലാവർക്കും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ എന്റെ കുടുംബത്തിനായി വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഞങ്ങൾക്ക് ഒരു അവസരം കൂടി തരൂ.