
പാട്‌ന: എൻ.ഡി.എയുടെ ഡബിൾ എൻജിൻ സർക്കാർ വികസനം കൊണ്ടുവരുമെന്ന വാഗ‌്ദാനത്തിൽ ബീഹാറിലെ ജനങ്ങൾ വഞ്ചിതരാകരുതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഒരു എൻജിൻ മാത്രമാണുള്ളതെന്നും അത് ഡൽഹിയിലാണെന്നും പ്രിയങ്ക ഗാന്ധി ബെഗുസരായിയിലെ ബെഗുസാരായിയിലെ ബച‌്‌വാരയിൽ നടന്ന റാലിയിൽ പറഞ്ഞു.
ബി.ജെ.പി ജയിച്ചാൽ ഭരണം ഡൽഹിയിൽ നിന്നാകും. ബീഹാറിലെ ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ വേദിയുണ്ടാകില്ല. നിലവിൽ മുഖ്യമന്ത്രിയായ നിതീഷ് കുമാറിന് പോലും ബഹുമാനം ലഭിക്കുന്നില്ല. ഒരു കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് അവർ ബിഹാറികളെ വഞ്ചിക്കാൻ ശ്രമിക്കുകയാണ്. ഇതുവരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കുറ്റപ്പെടുത്തുന്ന കോൺഗ്രസ് നേതാക്കളായ ജവഹർലാൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയുമാണ് ഐ.ഐ.ടികൾ,ഐ.ഐ.എമ്മുകൾ അടക്കം സ്ഥാപനങ്ങൾ കൊണ്ടുവന്നതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മോദി വലിയ ബിസിനസുകാരായ സുഹൃത്തുക്കൾക്ക് പൊതു സ്വത്ത് സമ്മാനമായി നൽകി. പൊതുജനശ്രദ്ധ തിരിക്കാൻ അവർ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയവും വ്യാജ ദേശീയതയും പരീക്ഷിച്ചു. ഇപ്പോൾ അവർ വോട്ട് മോഷണത്തിലേക്ക് തിരിയുകയാണ്-പ്രിയങ്ക ആരോപിച്ചു.