
ന്യൂഡൽഹി: തെരുവുനായ പ്രശ്‌നം സുപ്രീംകോടതി ഇന്ന് പരിഗണിക്കുമ്പോൾ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ഹാജരാകില്ല. പകരം തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ നേരിട്ട് ഹാജരായി വിശദീകരണം നൽകും. അതേസമയം, ചീഫ് സെക്രട്ടറി ഹാജരാകാതെ, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെത്തുമ്പോൾ കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
എ.ബി.സി ചട്ടങ്ങൾ (അനിമൽ ബെർത്ത് കൺട്രോൾ റൂൾസ്) എത്രത്തോളം കാര്യക്ഷമമായി നടപ്പാക്കിയെന്നതിൽ സത്യവാങ്മൂലം സമർപ്പിക്കാത്ത കേരളമടക്കം സംസ്ഥാനങ്ങൾക്കെതിരെ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. പിന്നാലെ അതിവേഗം സത്യവാങ്മൂലം തയ്യാറാക്കി ടിങ്കു ബിസ്വാൾ സമർപ്പിച്ചിരുന്നു. ക്ഷമാപണവും നടത്തി. സത്യവാങ്മൂലം കൃത്യസമയത്ത് സമർപ്പിക്കാൻ സാധിക്കാത്തത് മന:പൂർവമല്ലെന്നും അറിയിച്ചിട്ടുണ്ട്.
ഒക്ടോബർ 27ന് കേസ് പരിഗണിച്ചപ്പോൾ തെലങ്കാനയും പശ്ചിമബംഗാളും മാത്രമാണ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നത്. ഇതിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ടു ഹാജരാകണമെന്ന് കർശന നിർദ്ദേശം നൽകുകയായിരുന്നു.